ജയ്പൂർ : മുഹറം ഘോഷയാത്രക്കിടെ സർബത്ത് കുടിച്ച 400 ഓളം പേർക്ക് ഭക്ഷ്യവിഷബാധ . രാജസ്ഥാനിലെ ബൻസ്വരയിലാണ് സംഭവം. ആദ്യം മൂന്ന് കുട്ടികളെയാണ് മഹാത്മാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .
എന്നാൽ പിന്നീട് രാത്രി 12 മണിയോടെ ഭക്ഷ്യവിഷബാധയുണ്ടായ മിക്ക രോഗികളെയും മഹാത്മാഗാന്ധി ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു . അർദ്ധരാത്രിയോടെയാണ് സംഭവം നടന്നതെന്ന് അഞ്ജുമാൻ ഇസ്ലാമിയയുടെ തലവൻ ഷോയിബ് ഖാൻ പറഞ്ഞു. മുഹറം ഘോഷയാത്രയ്‌ക്കിടെ, ചില സമുദായാംഗങ്ങൾ ഒരു സ്റ്റാൾ സ്ഥാപിച്ചിരുന്നു, അവിടെ നിന്ന് സർബത്ത് കുടിച്ച ശേഷമാണ് സ്ത്രീകളും കുട്ടികളുമടക്കം നാനൂറോളം പേർക്ക് അസുഖം ബാധിച്ചതെന്നും ഷോയിബ് ഖാൻ പറഞ്ഞു.
ഇതിനിടെ മുഹറം ഘോഷയാത്രയിൽ പങ്കെടുത്തവരിൽ ചിലർ സംഭവസ്ഥലത്ത് നിന്ന് 250 മീറ്റർ മാത്രം അകലെയുള്ള സിറ്റി ഡിസ്പെൻസറിയുടെ പൂട്ട് തകർത്ത് ഒആർഎസും മറ്റ് മരുന്നുകളും മോഷ്ടിച്ചതായും റിപ്പോർട്ടുണ്ട്.
പിന്നീട്, ഡോക്ടർമാർ ഡിസ്പെൻസറിയിലെത്തി 105 ഓളം പേർക്ക് ചികിത്സ നൽകി. 400-ലധികം ആളുകൾ മഹാത്മാഗാന്ധി ആശുപത്രിയിൽ എത്തിയിട്ടുണ്ടെന്നും ഏകദേശം 100 പേർ ഇപ്പോഴും ചികിത്സയിലാണെന്നും സിഎംഎച്ച്ഒ ഡോക്ടർ ഹിരാലാൽ തബിയത്ത് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. സർബത്തിന്റെ സാമ്പിളുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവ പരിശോധിക്കുമെന്നും സിഎംഎച്ച്ഒ അറിയിച്ചു.