ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കുരുക്ക് മുറുകുന്നു. തെരഞ്ഞെടുപ്പ് ചെലവുകൾക്കായി സൗത്ത് ഗ്രൂപ്പിൽ നിന്ന് 100 കോടി രൂപ കൈപ്പറ്റാൻ മദ്യനയത്തിൽ കെജ്‌രിവാൾ ബോധപൂർവം കൃത്രിമം കാണിച്ചതായി സിബിഐ കണ്ടെത്തി. കേജ്‌രിവാളിന്റെ ജാമ്യപേക്ഷയെ എതിർത്ത് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നിർണായക വെളിപ്പെടുത്തൽ.
മദ്യനയ കുംഭകോണത്തിലെ മുഖ്യ പങ്കാളിയാണ് അരവിന്ദ് കെജ്‌രിവാളെന്ന് സിബിഐ കോടതിയിൽ ബോധിപ്പിച്ചു. മദ്യനയത്തിൽ വെള്ളം ചേർത്തതോടെ ഡൽഹിയിലെ മദ്യ മൊത്തക്കച്ചവടക്കാരുടെ ലാഭവിഹിതം 5% ൽ നിന്ന് 12% ആയി ഉയർന്നു. ഇതിന്റെ പങ്ക് എഎപിക്കും ലഭിച്ചു. ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകൾക്കാണ് ഈ പണം ഉപയോഗപ്പെടുത്തിയത്. എഎപിയിലും ഡൽഹി സർക്കാരിലും എല്ലാ തീരുമാനങ്ങളും കെജ്‌രിവാളിന്റെ നിർദ്ദേശപ്രകാരമായിരുന്നു. മദ്യനയം സംബന്ധിച്ച മനീഷ് സിസോദിയയുടെ തീരുമാനങ്ങൾക്ക് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ മുൻകൂർ അംഗീകാരം നൽകിയെന്നും സിബിഐ ചൂണ്ടിക്കാട്ടി.
എഎപി നേതാക്കളും കെജ്‌രിവാളിന്റെ ഭാര്യയും സാക്ഷികളെ സ്വാധീനിച്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായും സിബിഐ ആരോപിച്ചു. അന്വേഷണത്തോടുള്ള കെജ്‌രിവാളിന്റെ നിസ്സഹകരണവും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. കെജ്‌രിവാളിനെ ജാമ്യത്തിൽ വിട്ടയക്കുന്നത് അന്വേഷണത്തേയും തുടർനടപടികളേയും ഗുരുതരമായി ബാധിക്കുമെന്നും സിബിഐ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
.