പാലക്കാട്: സർക്കാർ ആശുപത്രിയിൽ മകളുമായെത്തിയ അമ്മയെ പാമ്പു കടിച്ചു. ചിറ്റൂർ താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. 27 വയസുള്ള പാലക്കാട് അടിച്ചിറ സ്വദേശിനി ഗായത്രിയെയാണ് പാമ്പ് കടിച്ചത്. യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയാണ് പനിയെ തുടർന്ന് യുവതിയുടെ മകളെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ വച്ചാണ് ഗായത്രിക്ക് പാമ്പുകടിയേൽക്കുന്നത്. പെരുച്ചാഴിയും മാറ്റ് ജീവികളുമായി വൃത്തിഹീനമായ ചുറ്റുപാടാണ് ആശുപത്രിയിലേതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പാമ്പു കടിയേറ്റ വിവരം ആശുപത്രി അധികൃതരെ അറിയിച്ചിട്ടും ആരുടെ ഭാഗത്തുനിന്നും ഒരു തരത്തിലുള്ള സഹകരണവുമുണ്ടായില്ലെന്നും വിമർശനമുണ്ട്. ചെറിയ വിഷപ്പാമ്പാണ് യുവതിയെ കടിച്ചത്. സംഭവം വാർത്തയായതിനുപിന്നാലെ ചിറ്റൂർ താലൂക്ക് ആശുപത്രി അധികൃതരോട് ഡിഎംഒ റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം വാർഡിന് പുറത്ത് നിന്നാണ് പാമ്പ് കടിയേറ്റതെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ മറുപടി
യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് പാലക്കാട് ജില്ലാ ആശുപത്രി അധികൃതർ അറിയിച്ചത്. പ്രദേശത്തെ പ്രധാനപ്പെട്ട സർക്കാർ ആശുപത്രിയാണ് ചിറ്റൂർ താലൂക്ക് ആശുപത്രി. നിരവധി രോഗികളാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. മുൻപും ഈ മേഖലകളിലെ ആശുപത്രികളിൽ പാമ്പിനെ കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.















