കൊച്ചി: ആമയിഴഞ്ചാൻ തോട്ടിലുണ്ടായ ദുരന്തം അധികാരികളുടെ കണ്ണു തുറപ്പിക്കണമെന്ന് ഹൈക്കോടതി. രക്ഷാപ്രവർത്തനത്തിന് ഭാഗമായ ഓരോരുത്തരും ധൈര്യശാലികളാണെന്നും കോടതി പ്രശംസിച്ചു. അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ, സ്കൂബാ സംഘം തുടങ്ങി ആമയിഴഞ്ചാൻ തോട്ടിലിറങ്ങി ജോയിക്കായി തിരച്ചിൽ നടത്തിയവരെ പ്രകീർത്തിച്ചാണ്
കോടതിയുടെ പരാമർശം.
മാലിന്യം തള്ളൽ ആളുകളെ കൊല്ലുന്നതിന് തുല്യമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജനങ്ങൾ അവരുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന് ഇടുന്നതാണെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. ആമയിഴഞ്ചൻ തോട്ടിലെ ദുരന്തം ഒരിക്കലും ആവർത്തിക്കപ്പെടരുത്, പ്രത്യേകിച്ച് കൊച്ചിയിൽ. തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിലുണ്ടായ ദുരന്തം തെറ്റുകൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള ഒരു വഴികാട്ടിയാകണം. മാലിന്യം വലിച്ചെറിയുന്ന കാര്യത്തിൽ ജനങ്ങൾ മാറിച്ചിന്തിച്ചേ മതിയാകൂവെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
കൊച്ചിയിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അടക്കം പലയിടത്തും വലിയ വെള്ളക്കെട്ടിന് കാരണമാകുന്ന കമ്മട്ടിപ്പാടത്തെ മാലിന്യ കൂമ്പാരം എങ്ങനെയാണ് സംഭവിക്കുന്നതെന്ന് കോടതി ആരാഞ്ഞു. കൊച്ചിയിലെ വെള്ളക്കെട്ട് വിഷയത്തിൽ റെയിൽവേ പൊതുവിൽ സഹകരിക്കാറില്ലെങ്കിലും ഇത്തവണ നടപടി കൈക്കൊണ്ടതിൽ പ്രശംസിക്കുന്നുവെന്നും കോടതി. വെള്ളക്കെട്ട് വിഷയം പരിഗണിക്കുന്നത് ജൂലൈ 31ലേക്ക് മാറ്റി.
ആമയിഴഞ്ചാൻ ദുരന്തത്തിൽ നേരത്തെ തന്നെ ഹൈക്കോടതി ഇടപെട്ടിരുന്നു. സ്ഥലം സന്ദർശിക്കാൻ അമിക്കസ് ക്യൂറിയെ കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓപ്പറേഷൻ അനന്തയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താനും അമിക്കസ് ക്യൂറിക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി പ്രത്യേകം പറഞ്ഞിരുന്നു. തലസ്ഥാനത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന പ്രോജക്ടായിരുന്നു ഓപ്പറേഷൻ അനന്ത. എന്നാൽ പദ്ധതി എങ്ങുമെത്തിയില്ലെന്ന വിമർശനം വീണ്ടും ഉയർന്നിരുന്നു.