ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിച്ച ബ്രഹ്‌മാണ്ഡ ചലച്ചിത്രമാണ് കൽക്കി 2898 എഡി. നാഗ്-അശ്വിന്റെ സംവിധാനത്തിൽ ഒരുക്കിയ പാൻ ഇന്ത്യൻ ചിത്രത്തിൽ പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ, ശോഭന തുടങ്ങിയ വമ്പൻ താരനിരയാണ് അണിനിരന്നത്. ബോക്‌സോഫീസിൽ 1,000 കോടി കടന്ന് ചിത്രം ചരിത്രം കുറിച്ചപ്പോൾ പ്രക്ഷേകരുടെ പ്രിയതാരം അമിതാഭ് ബച്ചന്റെ വാക്കുകളാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നത്.
” അടുത്തിടെ പുറത്തിറങ്ങിയ കൽക്കി 2898 എഡിയ്‌ക്ക് പിന്തുണ അറിയിച്ച, വിജയിപ്പിച്ച എന്റെ എല്ലാ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഞാൻ അങ്ങേയറ്റം നന്ദി അറിയിക്കുന്നു. സിനിമ 1,000 കോടി പിന്നിട്ടിരിക്കുന്നു. നിങ്ങൾ തന്ന സ്‌നേഹത്തിനും വാത്സല്യത്തിനും 1,000 കോടി രൂപയെന്നതു പോലെ മൂല്യമുണ്ട്. എനിക്കൊപ്പം പ്രവർത്തിച്ച എന്റെ സഹപ്രവർത്തകരോടും നന്ദി പറയാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു.”- അമിതാഭ് ബച്ചൻ പറഞ്ഞു.
കൽക്കി നാല് തവണ കണ്ടെന്നും ഓരോ തവണ കാണുമ്പോഴും വ്യത്യസ്തകൾ കണ്ടെത്താൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രഭാസിനെ സംബന്ധിച്ചിടത്തോളം 1,000 കോടി വലിയ നേട്ടമായിരിക്കില്ല. കാരണം അദ്ദേഹത്തിന്റെ പല സിനിമകൾക്കും 1,000 കോടി എന്ന കളക്ഷൻ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ തന്നെ സംബന്ധിച്ചിടത്തോളം ഇത്തരം നേട്ടങ്ങൾ വളരെ വിരളമായാണ് സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളതെന്നും അതിനാൽ താൻ എല്ലാവരോടും കടപ്പെട്ടിരിക്കുന്നുവെന്നും അമിതാഭ് ബച്ചൻ പറയുന്നു.
അശ്വത്ഥമാവായാണ് സിനിമയിൽ അമിതാഭ് ബച്ചൻ വേഷമിട്ടത്. ജൂൺ 27ന് പുറത്തിറങ്ങിയ ചിത്രം ലോകമെമ്പാടും 1,000 കോടി കളക്ഷൻ എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സിനിമാ പ്രേമികൾ. രണ്ടാം ഭാഗത്തിന്റെ 60 ശതമാനത്തിലധികം പൂർത്തിയായതായി നിർമാതാക്കൾ അറിയിച്ചിരുന്നു.