മാൽഡ: നേന്ത്രപ്പഴം പോലെയിരിക്കുന്ന മാമ്പഴം.. കണ്ടാൽ പഴമാണെന്ന് തോന്നുമെങ്കിലും കഴിക്കുമ്പോൾ മാങ്ങയുടെ രുചി. അതാണ് ബംഗാളിലെ മാൽഡയിൽ നിന്നുള്ള ഈ മാമ്പഴത്തിന്റെ പ്രത്യേകത. മാമ്പഴ കർഷകനായ ദീപക് രാജ്വൻഷിയാണ് വ്യത്യസ്തമായ മാമ്പഴം കൃഷി ചെയ്യുന്നത്.
പരീക്ഷണമെന്ന് കരുതിയാണ് ലഭിച്ച ചില തൈകൾ മാൽഡയിലെ തന്റെ കൃഷിയിടത്തിൽ കുഴിച്ചിട്ടതെന്ന് ദീപക് പറയുന്നു. അവ വളരുകയും അതിൽ ഫലം കായ്‌ക്കുകയും ചെയ്തു. രൂപം ഇത്തരത്തിലായതിനാൽ ഫലത്തിന് ബനാന മാംഗോ എന്ന് പേരും നൽകി. യഥാർത്ഥത്തിൽ തായ്ലാൻഡ് ആണ് ഈ ഫലത്തിന്റെ സ്വദേശമെന്ന് കർഷകൻ പറയുന്നു. ഇന്ന് ദീപകിന്റെ കൃഷിയിടത്തിലുള്ള മൂന്ന് ബനാന മാംഗോ മാവുകളും കായ്ച്ച് നിൽക്കുകയാണ്.
മൂന്ന് വർഷം മുൻപാണ് ബനാന മാംഗോയുടെ തൈകൾ ഇയാൾ കുഴിച്ചിടുന്നത്. കിലോയ്‌ക്ക് 100-150 രൂപയ്‌ക്കാണ് ദീപക് ഈ മാങ്ങ വിൽക്കുന്നത്. ഒരു മാങ്ങ ഏകദേശം 300 ഗ്രാം തൂക്കം വരും. വ്യാവസായിക അടിസ്ഥാനത്തിൽ ഇവയുടെ കൃഷി മറ്റാരും ഇതുവരെ തുടങ്ങിയിട്ടില്ല. മാൽഡയിലെ മണ്ണിൽ വിളയുന്ന മാമ്പഴങ്ങൾക്ക് മധുരം കൂടുതലാകുമെന്ന വിലയിരുത്തലിനെ സാധൂകരിക്കുന്നതാണ് ദീപകിന്റെ മാമ്പഴ കൃഷി.















