പത്തനംതിട്ട: സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതികളെ ന്യായീകരിക്കാനായി എംവി ഗോവിന്ദൻ മാദ്ധ്യമങ്ങളെ കണ്ടത് കൊലക്കേസ് പ്രതിക്കൊപ്പം. പെൺകുട്ടിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ രാജേഷ് ജയനായിരുന്നു എം വി ഗോവിന്ദനൊപ്പം മാദ്ധ്യമങ്ങളെ കണ്ടത്.
2020ലാണ് ഇയാൾക്കെതിരായുള്ള കേസിനാസ്പദമായ സംഭവം നടന്നത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഫോൺവിളിച്ചപ്പോൾ എടുക്കാത്തതിനെ തുടർന്ന് പ്രകോപിതനായ ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു.
മാതാപിതാക്കളുടെ ഇടപെടൽ മൂലം തലനാരിഴയ്‌ക്കാണ് പെൺകുട്ടി രക്ഷപ്പെട്ടത്. സംഭവത്തിൽ രാജേഷ്, കുറ്റക്കാരനാണെന്ന് കോടതിയിൽ തെളിഞ്ഞു. റിമാൻഡിന് ശേഷം അടുത്തിടെയാണ് പ്രതി ജാമ്യത്തിലിറങ്ങിയത്. സിപിഎമ്മിലെ സജീവ പ്രവർത്തകനാണ് രാജേഷ്.
കുറ്റകൃത്യങ്ങളിലേർപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മറ്റ് പാർട്ടികളിൽ നിന്ന് മാറ്റി നിർത്തപ്പെട്ട വ്യക്തികളെയാണ് ആരോഗ്യ മന്ത്രി വീണ ജോർജ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ചത്. ഇത് വിവാദമായതോടെ സംഭവത്തിൽ വിശദീകരണം നൽകാൻ മാദ്ധ്യമങ്ങളെ കാണുന്നതിനിടയിലാണ് കൊലക്കേസ് പ്രതിയുമായി എം വി ഗോവിന്ദനെത്തിയത്.















