തരൺ തരൺ: പാക് ബന്ധമുള്ള മയക്കുമരുന്ന് കടത്ത് സംഘത്തെ പിടികൂടി പഞ്ചാബ് പൊലീസ്. സംഘത്തിലെ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 7 കിലോ ഹെറോയിനും 5 പിസ്റ്റളുകളും പിടിച്ചെടുത്തു. 5 വെടിയുണ്ടകളും 5 മാഗസിനുകളും ഇവരുടെ പക്കൽ നിന്നും പൊലീസിന് ലഭിച്ചു.
പഞ്ചാബിലെ തരൺ തരൺ സ്വദേശികളായ ഗുരുമുഖ് സിംഗ്, ജഗ്വന്ത് സിംഗ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവർ മയക്കുമരുന്ന് കടത്താനുപയോഗിച്ച സ്വിഫ്റ്റ് ഡിസയർ കാറും പൊലീസിന്റെ കസ്റ്റഡിയിലാണ്. കാറിൽ ആയുധങ്ങൾ കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അമൃത്സർ റൂറൽ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രതികൾ തങ്ങളുടെ താമസസ്ഥലത്തിനടുത്ത് മയക്കുമരുന്നും ഒളിപ്പിച്ചതായുള്ള വിവരം പുറത്തുവന്നത്. തുടർന്ന് പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ 7 കിലോ ഹെറോയിൻ കണ്ടെടുത്തു. പിടിയിലായ പ്രതികൾ ഇരുവരും പാകിസ്താനിലെ കള്ളക്കടത്തുകാരുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായും അവിടെ നിന്ന് ഡ്രോണുകൾ വഴി കടത്തുന്ന മയക്കുമരുന്നും ആയുധങ്ങളും സംസ്ഥാനത്തുടനീളം വിതരണം ചെയ്യുകയുമായിരുന്നവെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി ഡിജിപി പറഞ്ഞു.