ന്യൂഡൽഹി: എൽജിബിടിക്യു വിഭാഗത്തിൽപെടുന്നവർക്ക് തുല്യ അവകാശം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദ്ദേശിച്ച് കേന്ദ്രസർക്കാർ. ജയിൽ സന്ദർശന അവകാശങ്ങൾ ഉൾപ്പെടെയുള്ള സേവനങ്ങളിലും വ്യവസ്ഥകളിലും യാതൊരു തരത്തിലുള്ള വിവേചനവും പാടില്ലെന്നാണ് കത്തിലെ നിർദ്ദേശം.
എൽജിബിടിക്യു വിഭാഗത്തിൽപെടുന്നവർ പലപ്പോഴും അവരുടെ സ്വത്വപരമായും ലിംഗപരമായുമുള്ള കാരണങ്ങളാൽ ജയിലുകളിൽ വിവേചനം നേരിടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ (പ്രിസൺ റിഫോംസ്) ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. എൽജിബിടിക്യു ആയതിന്റെ പേരിൽ ഇവർക്കെതിരെ അക്രമവും അവഹേളനവും ഉണ്ടായിട്ടുള്ളതായും കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. മറ്റുള്ള തടവുകാർക്ക് ലഭിക്കുന്ന സേവനങ്ങളും അവകാശങ്ങളും തുല്യമായി എൽജിബിടിക്യു വിഭാഗത്തിൽപെടുന്നവർക്കും ലഭിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ജയിൽ സന്ദർശന അവകാശങ്ങളിലെ മാർഗനിർദേശങ്ങളിലും ഇത് ബാധകമാണെന്ന് കേന്ദ്രം പറയുന്നു.
കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, അഭിഭാഷകർ എന്നിവരുമായി കൂടിക്കാഴ്ച നടത്താൻ തടവുകാരെ അനുവദിക്കാറുണ്ട്. ഒരേ സമയം മൂന്ന് പേരെയാണ് ഇത്തരത്തിൽ തടവുകാർക്ക് കാണാൻ അനുമതിയുള്ളത്. വനിതാ തടവുകാർക്ക് കൂടിക്കാഴ്ചയ്‌ക്ക് വനിതാ പൊലീസുകാരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സംവിധാനം ഒരുക്കാറുണ്ട്. ഇതെല്ലം തന്നെ എൽജിബിടിക്യു വിഭാഗത്തിൽപെടുന്നവർക്കും ഉറപ്പുവരുത്തണമെന്ന് കേന്ദ്രം കത്തിൽ പറയുന്നു. മുൻവിധിയോ വിവേചനമോ ഇല്ലാതെ അവർക്കിഷ്ടമുള്ള വ്യക്തികളെ കാണാനുള്ള അവകാശം ഇവർക്കുമുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.