” എത്ര മനോഹരമായാണ് നിങ്ങൾ ഒരാളെ സ്‌നേഹിക്കുന്നത്”.. നഷ്ടപ്പെട്ട പ്രണയത്തിന്റെ നൊമ്പരം വിളിച്ചോതുന്ന സിബി മലയിൽ ചിത്രമായ ദേവദൂതനിലെ ഓരോ ഡയലോഗുകളും ഗാനങ്ങളും എന്നും സിനിമാ പ്രേമികളുടെ ഹൃദയത്തിൽ തങ്ങിനിൽക്കുന്നതാണ്. ഉള്ളു പിടിച്ചുകുലുക്കിയ ഓരോ രംഗങ്ങളും ഗാനങ്ങളും ഇനി ജൂലൈ 26ന് തിയേറ്ററുകളിൽ ഇരുന്ന് കാണാം..
ദേവദൂതൻ ജൂലൈ 26ന് തിയേറ്ററുകളിൽ റീ-റിലീസ് ചെയ്യുന്നുവെന്ന വാർത്തയാണ് മോഹൻലാൽ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. 4k മികവോടെ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പോസ്റ്ററും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. കടൽ തീരത്ത് വച്ചിരിക്കുന്ന ഒരു പിയാനോയും വിശാൽ കൃഷ്ണമൂർത്തിയെയുമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. പിയാനോയിൽ ഇരിക്കുന്ന ഒരു വെള്ളരിപ്രാവും പറന്നു പോകുന്ന ഒരു വെള്ളരിപ്രാവും ചിത്രത്തിലെ മഹേശ്വറിനെയും അലീനയെയും ഓർമ്മപ്പെടുത്തുന്നു.
24 വർഷങ്ങൾക്ക് ശേഷമാണ് വിശാൽ കൃഷ്ണ മൂർത്തി, അലീന, മഹേശ്വർ തുടങ്ങിയ അനശ്വര കഥാപാത്രങ്ങൾ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. റീ മാസ്റ്റേർഡ് & റീ എഡിറ്റഡ് പതിപ്പാകും തിയറ്ററുകളിൽ ഉടൻ എത്തുക. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്. റീ റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നിരുന്നു. വീണ്ടും മികച്ചൊരു ദൃശ്യാനുഭവമായിരിക്കും സിനിമ നൽകുകയെന്ന് സിബി മലയിൽ ചടങ്ങിൽ പറഞ്ഞിരുന്നു.