ലക്‌നൗ: സംസ്ഥാനത്ത് പ്രശ്‌നബാധിത ജില്ലകളില്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളിലായി നടത്തിയ മുഹറം ഘോഷയാത്രകള്‍ ഏറെ സമാധാനപരമായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് ഡിജിപി പ്രശാന്ത് കുമാര്‍. ലക്‌നൗ ഉള്‍പ്പെടെ വിവിധ ജില്ലകളിലായാണ് 15,000ത്തിലധികം ഘോഷയാത്രകളാണ് തികച്ചും സമാധാനപരമായി നടന്നത്. സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പ്രശ്‌നബാധിത മേഖലകളില്‍ ഉള്‍പ്പെടെ അര്‍ദ്ധ സൈനിക വിഭാഗങ്ങളേയും, പൊലീസ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിരുന്നു.
ഘോഷയാത്രകള്‍ക്കിടെ ഒരിടത്ത് പോലും പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മുഹറം മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ നടന്ന ഘോഷയാത്രകള്‍ക്കിടെ ചിലയിടങ്ങളില്‍ അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇക്കുറി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഘോഷയാത്രകള്‍ നടക്കുന്ന ഇടങ്ങളിലെല്ലാം കൃത്യമായ ഒരുക്കങ്ങള്‍ നടത്തി, പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചരണങ്ങള്‍ തടയുന്നതിനായി കൃത്യമായ മുന്നൊരുക്കങ്ങളും ഇക്കുറി സ്വീകരിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ താസിയ ഘോഷയാത്രയ്്ക്കിടെ ചിലയിടങ്ങളില്‍ ആളുകള്‍ മരിക്കുകയും, പരിക്കേറ്റ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍, ഇക്കുറി താസിയകളുടെ ഉയരം മുന്‍കൂട്ടി നിശ്ചയിച്ച് നല്‍കിയിരുന്നുവെന്നും ഡിജിപി പറയുന്നു. താസിയ വൈദ്യുതി കമ്പികളില്‍ തട്ടിയായിരുന്നു പലയിടങ്ങളിലും അപകടങ്ങള്‍ സംഭവിച്ചത്.
മുഹറം മാസത്തോടനുബന്ധിച്ച് 89,000ത്തോളം താസിയകളാണ് വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. ബറേലി, രാംപൂര്‍, സംഭാല്‍, ബിജ്‌നോര്‍, അംറോഹ, മൊറാദാബാദ്, ബുദൗണ്‍, പിലിഭിത്, ഷാജഹാന്‍പൂര്‍ എന്നീ ജില്ലകളിലായി ഈ മാസത്തിന്റെ ആദ്യ ദിനം മുതല്‍ 23,000ത്തോളം ഘോഷയാത്രകള്‍ നടത്തിയതായും ഡിജിപി വ്യക്തമാക്കി. പ്രശ്‌നബാധിത മേഖലകളില്‍ അധികമായി പൊലീസ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിരുന്നു.















