ചെന്നൈ ; ചെന്നൈയിലെ രണ്ട് സ്വകാര്യ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി . ചെന്നൈ പട്ടിനപ്പാക്കം ഭാഗത്ത് സ്ഥിതി ചെയ്യുന്ന ചെട്ടിനാട് വിദ്യാശ്രമം സ്‌കൂളിൽ അർദ്ധരാത്രി ഒന്നരയോടെയാണ് ഇമെയിൽ സന്ദേശം ലഭിച്ചത് . ചെട്ടിനാട് വിദ്യാശ്രമം, പട്ടിനമ്പാക്കത്തെ വിദ്യാ മന്ദിർ എന്നീ രണ്ട് സ്‌കൂളുകളിൽ സ്‌ഫോടക വസ്തുക്കളുണ്ടെന്നാണ് ഇമെയിലിൽ പറയുന്നത് .
പൊലീസും , ബോംബ് വിദഗ്ദരും സ്ഥലത്തെത്തി വിശദമായി അന്വേഷണം നടത്തിയപ്പോഴാണ് ഭീഷണി വ്യാജമാണെന്ന് വ്യക്തമായത്. ഇമെയിൽ അയച്ച മൊബൈൽ നമ്പർ ഉപയോഗിച്ച് പട്ടിനമ്പാക്കം പൊലീസ് സംഭവത്തെക്കുറിച്ച് ഊർജിതമായ അന്വേഷണം നടത്തിവരികയാണ്. മുൻപും ഇത്തരത്തിൽ 5 സ്‌കൂളുകൾക്ക് ബോംബ് ഭീഷണി വന്നതായി പൊലീസ് പറഞ്ഞു.
സൾഫർ നൈട്രേറ്റ് ഐഇഡി സ്കൂളുകളുടെ പൈപ്പ് ലൈനിൽ സ്ഥാപിച്ചതായാണ് ഭീഷണി സന്ദേശത്തിൽ പറഞ്ഞിരുന്നത് . മാത്രമല്ല, ഈ ഓപ്പറേഷനായി പശ്ചിമ ബംഗാളിൽ നിന്നുള്ളവരെ കൊണ്ടുവന്നിട്ടുണ്ട്, കോയമ്പത്തൂരിലെ ഐഎസ്ഐ ഭീകരർ വഴിയാണ് ആവശ്യമായ വസ്തുക്കൾ ലഭിച്ചതെന്നും പറഞ്ഞിരുന്നു .