സംസ്ഥാനത്ത് വൻ കുതിപ്പുമായി ബിഎസ്എൻഎൽ. ജിയോ, എയർടെൽ, വിഐ എന്നീ കമ്പനികളിൽ നിന്ന് ബിഎസ്എൻഎല്ലിലേക്ക് വരുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൻ വൻ വർദ്ധന രേഖപ്പെടുത്തി. കേരളത്തിലാണ് പോർട്ടിംഗ് തകൃതിയായി നടക്കുന്നത്.
സ്വകാര്യ മൊബൈൽ സേവനദാതാക്കൾ കൂട്ടിയതിന് പിന്നാലെ ബിഎസ്എൻഎലിലേക്ക് വരുന്ന വരിക്കാരുടെ എണ്ണം, വിട്ടുപോകുന്നവരേക്കാൾ കൂടുതലായി മാറിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജൂലൈ 10 മുതൽ 17 വരെയുള്ള കാലയളവിൽ ബിഎസ്എൻഎലിൽ നിന്ന് വിട്ടുപോയത് 5,831 പേരാണെങ്കിൽ മറ്റ് കമ്പനികളിൽ നിന്ന് വന്നത് 5,921 പേരാണ്.
മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ വരിക്കാരെത്തിയത്. ഇവിടെ 1,107 പേരാണ് വന്നത്. ബിഎസ്എൻഎൽ വിട്ട് മറ്റ് കമ്പനികളിലേക്ക് ചേക്കേറിയത് 459 പേർ മാത്രമാണ്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ് ആളുകൾ ബിഎസ്എൻഎലിലേക്ക് വന്നത്.
ബിഎസ്എൻഎൽ 4 ജി വിപണിയിലേക്ക് പുത്തൻ കുതിപ്പിന് രത്തൻ ടാറ്റ കച്ച മുറുക്കിയിറങ്ങുന്നുവെന്ന വാർത്തയും വരിക്കാരെ ആകർഷിച്ചിട്ടുണ്ട്. ടാറ്റ കൺസൾട്ടൻസി സർവീസസ് 15,000 കോടി രൂപയുടെ കരാറിലാണ് ഒപ്പുവച്ചത്. രാജ്യത്തെ 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.