സുല്‍ത്താന്‍ബത്തേരി: തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിലെ നാണം കെട്ട തോൽവിക്ക് ശേഷം കോൺഗ്രസ് പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന കെ മുരളീധരന് കെ പി സി സി ക്യാമ്പ് എക്‌സിക്യുട്ടീവില്‍ രൂക്ഷവിമര്‍ശനം. കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ രാഷ്‌ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്‌മാൻ എന്നിവരാണ് സ്വന്തം വീഴ്ചകൾ മറച്ചു വെച്ച് കൊണ്ട് പരാജയം മറ്റുള്ളവരുടെ ചുമലിൽ വെക്കുന്ന കെ മുരളീധരന്റെ ശീലത്തെ തുറന്നു കാട്ടിയത്.
തൃശ്ശൂരിലെ പരാജയം ചര്‍ച്ചചെയ്യുമ്പോള്‍ പാര്‍ട്ടിയുടെ വീഴ്ച മാത്രമല്ല സ്ഥാനാര്‍ഥിയുടെ വീഴ്ചകൂടി ചര്‍ച്ചചെയ്യണമെന്ന് കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ തുറന്നടിച്ചു.കെ. മുരളീധരന്‍ പാര്‍ട്ടിയെയും ജില്ലാകമ്മിറ്റിയെയും പ്രവര്‍ത്തകരെയും വിശ്വാസത്തിലെടുത്തില്ലെന്നും ഒറ്റയാൻ ശൈലിയിലായിരുന്നു മുരളീധരന്റെ പ്രവര്ത്തനങ്ങൾ എന്നും ടി എൻ പ്രതാപന്‍ ആരോപിച്ചു.
“കെ മുരളീധരൻ ജനങ്ങളുമായി ഇടപഴകിയില്ല. തിരഞ്ഞെടുപ്പ് ഫണ്ട് വേണ്ടതുപോലെ വിനിയോഗിച്ചില്ല. തോറ്റാല്‍ പാര്‍ട്ടിയെ കുറ്റം പറയുകയും ജയിച്ചാല്‍ സ്ഥാനാര്‍ഥിയുടെ വ്യക്തിപ്രഭാവം കാരണമാണെന്ന് ചിത്രീകരിക്കുകയും ചെയ്യുന്നത് ശരിയല്ല. തൃശ്ശൂരിലെ തോല്‍വിയുമായി ബന്ധപ്പെട്ട് ഡി.സി.സി. പ്രസിഡന്റായിരുന്ന ജോസ് വെള്ളൂരിനെ ബലിയാടാക്കുകയാണ് ചെയ്തത്’ അദ്ദേഹം പറഞ്ഞു.
രാഷ്‌ട്രീയകാര്യസമിതി അംഗം ഷാനിമോള്‍ ഉസ്മാനും കെ മുരളീധരന്റെ വിമത പ്രവർത്തനങ്ങളെ ചോദ്യം ചെയ്തു. “പാര്‍ട്ടിക്കെതിരേ നിരന്തരം പ്രസ്താവന നടത്തുന്ന മുരളീധരന്റെപേരില്‍ നടപടിയെടുക്കാന്‍ നേതൃത്വത്തിന് ധൈര്യമുണ്ടോ” എന്നായിരുന്നു ഷാനിമോൾ ഉസ്മാന്റെ ചോദ്യം.
തൃശൂരിലെ തോൽവിക്ക് ശേഷം ടി എൻ പ്രതാപനും മറ്റുള്ളവർക്കുമെതിരെ കെ മുരളീധരൻ നാടത്തിപ്പോന്ന ഒളിയുദ്ധത്തിനെതിരെ വരും ദിവസങ്ങളിൽ കൂടുതൽ പേർ രംഗത്തു വരാണ് സാധ്യത.















