മുംബൈ: മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അഞ്ച് ദിവസത്തിനിടെ 13.24 കിലോഗ്രാം സ്വർണവും10.33 കോടി രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് സാധനങ്ങളും പിടിച്ചെടുത്തു. 45 ലക്ഷം രൂപയുടെ വിദേശ കറൻസിയും മുംബൈ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്.
ജൂലൈ 10 നും ജൂലൈ 14 നും ഇടയിൽ മുംബൈ കസ്റ്റംസ് സോൺ III ആണ് ഇവ കണ്ടെത്തിയത്. മെഴുകുതിരിയിൽ സ്വർണ്ണപ്പൊടി, വസ്ത്രങ്ങളിൽ കടലാസ് പാളികൾക്കിടയിലോ യാത്രക്കാരുടെ ദേഹത്തോ ഉള്ളിലോ വിദഗ്ധമായി ഒളിപ്പിച്ച സ്വർണ്ണക്കട്ടികൾ തുടങ്ങി പല രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറസ്റ്റിലായവരിൽ അഞ്ച് ഇന്ത്യൻ പൗരന്മാരും ഉൾപ്പെടുന്നു. ഇതിൽ രണ്ട് പേർ ദുബായിൽ നിന്നും രണ്ട് പേർ അബുദബിയിൽ നിന്നും ഒരാൾ ജിദ്ദയിൽ നിന്നുമാണ് എത്തിയത്. 24 കാരറ്റ് സ്വർണ്ണപ്പൊടി, അസംസ്‌കൃത സ്വർണ്ണ ഉൽപ്പനങ്ങൾ, മൊത്തം 4,850 ഗ്രാം ഭാരമുള്ള വളകൾ എന്നിവ ഇവരിൽ നിന്ന് കണ്ടെത്തി. ഇവരുടെ ശരീരത്തിലും വസ്ത്രങ്ങളുടെ പാളികൾക്കിടയിലും ബാഗേജുകളിലും ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
കൂടാതെ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേരെയും സിഐഎസ്എഫ് പിടികൂടി കൈമാറി. ഹാൻഡ്ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 1,950 ഗ്രാം ഭാരമുള്ള 24ഗഠ സ്വർണപ്പൊടി മെഴുകുതിരിയിൽ ഒളിപ്പിച്ച രണ്ട് പൗച്ചുകളാണ് ഇവരിൽ നിന്നും കണ്ടെത്തിയത്. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മറ്റൊരു സംഭവത്തിൽ, ഒരു ഫ്‌ലൈറ്റ് റമ്മിംഗ് സമയത്ത്, ടാപ്പ് വാട്ടർ പ്ലാറ്റ്ഫോമിന് താഴെയുള്ള വിമാനത്തിന്റെ ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ 3,199 ഗ്രാം വരുന്ന 24 കാരറ്റ് സ്വർണ്ണപ്പൊടി അടങ്ങിയ മൂന്ന് പൗച്ചുകളും കണ്ടെത്തി. 1,89,79,976 രൂപയാണ് ഈ സ്വർണത്തിന്റെ വിപണി മൂല്യം.
ബാങ്കോക്കിലേക്ക് പോവുകയായിരുന്ന രണ്ട് വിദേശ പൗരന്മാരിൽ നിന്ന് 7,300 യൂറോ, 2,500 യുഎസ് ഡോളർ, 29,000 പൗണ്ട് സ്റ്റെർലിംഗ്, 12,000 ന്യൂസിലൻഡ് ഡോളർ എന്നിങ്ങനെ മൊത്തം 44,76,380 രൂപയുടെ വിദേശ കറൻസികൾ പിടികൂടി. ഇവരുടെ ലാപ്ടോപ്പ് ബാഗുകളിൽ പ്രത്യേകം തയ്യാറാക്കിയ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കറൻസിയെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കൂടാതെ, അബുദാബിയിൽ നിന്നുള്ള പന്ത്രണ്ട്, ദുബായിൽ നിന്നുള്ള രണ്ട്, ബഹ്റൈനിൽ നിന്നുള്ള ഒരാൾ, ഷാർജയിൽ നിന്നുള്ള ഒരാൾ എന്നിവരുൾപ്പെടെ 16 ഇന്ത്യൻ പൗരന്മാരിൽ നിന്ന് 3,431 ഗ്രാം സ്വർണവും 2,16,34,655 രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെത്തി. ഈ വസ്തുക്കൾ ബാഗേജുകളിലും കടലാസ് പാളികൾക്കിടയിലും ട്രൗസറിനുളളിലും ശരീരത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു.















