വയനാട്: ജില്ലയിൽ മഴക്കെടുതി രൂക്ഷമാകുന്നു. പനമരം ചാലിൽ വീടുകളിൽ വെള്ളംകയറി. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്. വെള്ളക്കെട്ട് ഉയരുന്ന മേഖലകളിലെ വീടുകളിൽ നിന്ന് സാധനങ്ങൾ മാറ്റുകയാണ് ജനങ്ങൾ. വീട്ടുപകരണങ്ങൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതിന് ശേഷം ക്യാമ്പിലേക്ക് പോകുമെന്നാണ് പ്രദേശവാസികൾ അറിയിക്കുന്നത്.
മഴ ശക്തമായി പെയ്യുന്ന പല മേഖലകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ച് ക്യാമ്പിലേക്ക് എത്തിച്ചിട്ടുണ്ട്. മാനന്തവാടി, സുൽത്താൻ ബത്തേരി ഭാഗങ്ങളിലെ വനവാസികളെ ഉദ്യോഗസ്ഥരെത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് ഒഴിപ്പിച്ചു.
വയനാട്ടിൽ കൂടാതെ കണ്ണൂരും റെഡ് അലർട്ടാണുള്ളത്. എട്ട് ജില്ലകൾക്ക് ഓറഞ്ച് മുന്നറിയിപ്പാണ്. കോട്ടയം മുതൽ കോഴിക്കോട് വരെയും കാസർകോട് ജില്ലയിലുമാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.