ന്യൂയോർക്ക്: സിഫിലിസ് എന്ന ലൈംഗിക രോഗം ബാധിച്ച കറുത്തവർഗക്കാരെ ചികിത്സിക്കാതെ പരീക്ഷണവസ്തുക്കളാക്കാൻ യുഎസ് സർക്കാർ അനുവദിച്ചുവെന്ന് വെളിപ്പെടുത്തിയ വിസിൽബ്ലോവർ പീറ്റർ ബക്സ്റ്റൺ അന്തരിച്ചു. അദ്ദേഹത്തിന് 86 വയസ്സായിരുന്നു.
യുഎസ് ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ മെഡിക്കൽ ഗവേഷണ അഴിമതി വെളിച്ചത്തുകൊണ്ടുവന്ന ഹീറോയായി പീറ്റർ ബക്‌സ്റ്റണെ പൊതുജനാരോഗ്യരംഗത്തെ പണ്ഡിതന്മാരും ധാർമ്മികവാദികളും ബഹുമാനിക്കുന്നു.
അലബാമയിലെ ഗ്രാമീണ മേഖലയിലെ നൂറുകണക്കിന് കറുത്ത വർഗ്ഗക്കാർക്കായിരുന്നു ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. 1932-ൽ,സിഫിലിസ് ബാധിച്ച 400 കറുത്തവർഗ്ഗക്കാരെ ഫെഡറൽ ശാസ്ത്രജ്ഞർ അലബാമയിലെ ടസ്‌കെഗീയിൽ പഠിക്കാൻ തുടങ്ങി. 1940-കളിൽ രോഗത്തെ ചികിത്സിക്കാൻ കഴിയുന്ന ആൻറിബയോട്ടിക്കുകൾ ലഭ്യമായപ്പോൾ, ഈ മരുന്നുകൾ തടഞ്ഞുവയ്‌ക്കാൻ ഫെഡറൽ ആരോഗ്യ ഉദ്യോഗസ്ഥർ ഉത്തരവിട്ടു. ഈ രോഗം കാലക്രമേണ ശരീരത്തെ എങ്ങനെ ബാധിച്ചു എന്നത് നിരീക്ഷിക്കാൻ കറുത്ത വർഗ്ഗക്കാർ ഉപയോഗിക്കപ്പെട്ടു.
പരീക്ഷണം ആറുമാസം മാത്രമേ നീണ്ടുനിൽക്കൂവെന്ന് ഇരകളോട് ആദ്യം പറഞ്ഞിരുന്നെങ്കിലും അത് 40 വർഷത്തേക്ക് നീട്ടി. പരീക്ഷണത്തിന്റെ സ്വഭാവത്തെക്കുറിച്ച് ഇരകളെ അറിയിച്ചിരുന്നില്ല, ഒരിക്കലും ചികിത്സിക്കില്ലെന്ന് ഇവരെ അറിയിക്കാതെ പഠനം തുടർന്നു. 1947-ഓടെ ആൻറിബയോട്ടിക് വ്യാപകമായി ലഭ്യമായിരുന്നിട്ടും സിഫിലിസിനുള്ള സാധാരണ ചികിത്സയായി മാറിയിട്ടും രോഗബാധിതരായ ആർക്കും പെൻസിലിൻ ഉപയോഗിച്ചില്ല .അതിന്റെ ഫലമായി 100-ലധികം പേർ ദുരിതപൂർണ്ണമായി മരിച്ചു.
1960-കളുടെ മധ്യത്തിൽ, സാൻ ഫ്രാൻസിസ്കോയിലെ ഒരു ഫെഡറൽ പബ്ലിക് ഹെൽത്ത് ജീവനക്കാരനായിരുന്നു ബക്സ്റ്റൺ. ഈ പഠനത്തെക്കുറിച്ച് ഒരു സഹപ്രവർത്തകൻ പറയുന്നത് ഇദ്ദേഹം കേട്ടു. കഴിഞ്ഞ 20 വർഷങ്ങളിൽഒരു ഡസനോളം മെഡിക്കൽ ജേണൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗവേഷണം ഒരു രഹസ്യമായിരുന്നില്ല. എന്നാൽ പരീക്ഷണം എങ്ങനെ, എവിടെ, നടക്കുന്നു എന്നതിനെക്കുറിച്ച് ആരും ആശങ്കകൾ ഉന്നയിച്ചിരുന്നില്ല.
പക്ഷെ ഇതിൽ പ്രതികരിക്കാൻ പീറ്റർ ബക്സ്റ്റൺ തീരുമാനിച്ചു. പഠനത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയ ശേഷം, 1966-ൽ സിഡിസിയിലെ ഉദ്യോഗസ്ഥർക്ക് അയച്ച കത്തിൽ അദ്ദേഹം പരീക്ഷണത്തിലുള്ള ധാർമ്മിക ആശങ്കകൾ ഉന്നയിച്ചു. 1967-ൽ, അറ്റ്‌ലാൻ്റയിലേക്ക് അദ്ദേഹത്തെ വിളിച്ചു വരുത്തിയ അധികൃതർ അവിടെ വെച്ച് പീറ്റർ ബക്സ്റ്റണെ ഭേദ്യം ചെയ്തു. ടസ്കഗീയിലെ സിഫിലിസ് ബാധിതരായ പുരുഷന്മാരെ ചികിത്സിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യവും നിരസിച്ചു.
ഒടുവിൽ അദ്ദേഹം യുഎസ് പബ്ലിക് ഹെൽത്ത് സർവീസ് ഉപേക്ഷിച്ച് നിയമവിദ്യാലയത്തിൽ ചേർന്നു. 1972-ൽ, സാൻഫ്രാൻസിസ്കോയിൽ വെച്ച് താൻ കണ്ടുമുട്ടിയ എഡിത്ത് ലെഡറർ എന്ന അസോസിയേറ്റഡ് പ്രെസ്സിന്റെ റിപ്പോർട്ടറിന് ഗവേഷണത്തെക്കുറിച്ചുള്ള രേഖകൾ അദ്ദേഹം നൽകി. ലെഡറർ ആ രേഖകൾ AP ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടർ ജീൻ ഹെല്ലറിന് രേഖകൾ കൈമാറി.
1972 ജൂലൈ 25-ന് അമേരിക്കയെ നടുക്കിക്കൊണ്ട് ഹെല്ലറുടെ ബൈലൈനിൽ ഈ റിപ്പോർട് വാഷിംഗ്ടൺ സ്റ്റാറിൽ പ്രസിദ്ധീകരിച്ചു. അടുത്ത ദിവസം ന്യൂയോർക്ക് ടൈംസിൽ ഇത് ഒന്നാം പേജ് വാർത്തയായി. ഇതിനെത്തുടർന്ന് നിരവധി ഹിയറിങ്ങുകൾ ഉണ്ടായി. 1974-ൽ, പഠനത്തിൽ പങ്കെടുക്കുന്നവർക്കും അവരുടെ പിൻഗാമികൾക്കും വേണ്ടി NAACP ഫയൽ ചെയ്ത ഒരു കേസ് തീർപ്പാക്കുന്നതിന്റെ ഭാഗമായി , US ഗവൺമെൻ്റ് 10 ദശലക്ഷം ഡോളർ നൽകുകയും, പങ്കെടുക്കുന്നവർക്കും അതിജീവിക്കുന്നവർക്കും സൗജന്യ ചികിത്സ നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. ഏകദേശം നാല് മാസത്തിന് ശേഷം പഠനം അവസാനിപ്പിച്ചു . 1997-ൽ, പ്രസിഡൻ്റ് ബിൽ ക്ലിൻ്റൺ ഈ പഠനത്തിന് ഔപചാരികമായി ക്ഷമാപണം നടത്തി, ഈ സംഭവത്തെ അദ്ദേഹം “ലജ്ജാകരം ” എന്ന് വിശേഷിപ്പിച്ചു.
പഠനം അവസാനിച്ചപ്പോൾ, അതിൽ പങ്കെടുത്തവരിൽ 74 പേർ മാത്രമേ ജീവിച്ചിരുന്നുള്ളൂ. യഥാർത്ഥത്തിൽ പങ്കെടുത്ത 399 പുരുഷന്മാരിൽ 28 പേർ സിഫിലിസ് ബാധിച്ച് മരിച്ചു, 100 പേർ അനുബന്ധ സങ്കീർണതകൾ മൂലം മരിച്ചു, 40 പേരുടെ ഭാര്യമാർ രോഗബാധിതരായിരുന്നു, അവരുടെ 19 കുട്ടികൾ ജന്മനാ സിഫിലിസുമായി ജനിച്ചു . ടസ്‌കെഗീ പഠനം തുറന്നുകാട്ടിയ ശേഷം, മെഡിക്കൽ ഗവേഷണം എങ്ങനെ നടത്തുന്നു എന്നതിനെക്കുറിച്ച് സർക്കാർ പുതിയ നിയമങ്ങൾ ഏർപ്പെടുത്തി. ഇത് ആരോഗ്യ ഗവേഷണ രംഗത്തെ ആഗോളതലത്തിൽ തന്നെ വലിയൊരു വഴിത്തിരിവാണ്.
പിന്നീട്ഒറിഗോൺ സർവകലാശാലയിൽ ചേർന്ന ബക്‌സ്റ്റൺ , യുഎസ് ആർമിയിൽ കോംബാറ്റ് മെഡിക്, സൈക്യാട്രിക് സോഷ്യൽ വർക്കറായി സേവനമനുഷ്ഠിക്കുകയും 1965-ൽ ഫെഡറൽ ഹെൽത്ത് സർവീസിൽ ചേരുകയും ചെയ്തു.
1937-ൽ പ്രാഗിലാണ് ബക്സ്റ്റൺ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ജൂതനായിരുന്നു, കുടുംബം 1939-ൽ നാസി അധിനിവേശ ചെക്കോസ്ലോവാക്യയിൽ നിന്ന് യുഎസിലേക്ക് കുടിയേറി, ഒടുവിൽ കൊളംബിയയിലെ ഒറിഗോണിലെ ഐറിഷ് ബെൻഡിൽ സ്ഥിരതാമസമാക്കി.
ഫെഡറൽ ഹെൽത്ത് ഉദ്യോഗസ്ഥർക്ക് ബക്സ്റ്റൺ നൽകിയ പരാതികളിൽ, ജൂതന്മാരിലും മറ്റ് തടവുകാരിലും നാസി ഡോക്ടർമാർ നടത്തിയ മെഡിക്കൽ പരീക്ഷണങ്ങളും ടസ്‌കെഗീ പഠനവും തമ്മിൽ താരതമ്യം ചെയ്തിരുന്നു .
അൽഷിമേഴ്സ് രോഗം ബാധിച്ച പീറ്റർ ബക്സ്റ്റൺ മെയ് 18 ന് കാലിഫോർണിയയിലെ റോക്ക്ലിനിൽ വെച്ച് മരിച്ചുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ മിന്ന ഫെർണാൻ മാധ്യമങ്ങളെ അറിയിച്ചു. പരീക്ഷണം തുറന്നുകാട്ടിയതിന് ബക്സ്റ്റണിനോട് തങ്ങൾ നന്ദിയുള്ളവരാണെന്ന് പഠനത്തിൽ പങ്കെടുത്തവരുടെ ഓർമ്മയ്‌ക്കായുള്ള ഒരു സംഘടന പ്രസ്താവിച്ചു.