ചെന്നൈ: തമിഴ്‌നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണം. ഏഴ് കാട്ടാനകൾ ഉൾപ്പെട്ട കൂട്ടമാണ് ജനവാസ മേഖലയിൽ ഇറങ്ങി പരിഭ്രാന്തി പരത്തിയത്. പുലർച്ച രണ്ട് മണിയോടെയിറങ്ങിയ കാട്ടാനകൾ പലച്ചരക്ക് കടയും കാറും തകർത്തു. നിലവിൽ വാൽപ്പാറയിലെ തേയില തോട്ടത്തിലാണ് ആനകൾ നിലയുറപ്പിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
വാൽപ്പാറ സ്വദേശി ഭാസ്‌കരന്റെ പലചരക്ക് കടയാണ് പുലർച്ചെയോടെ കാട്ടാനകൾ തകർത്തത്. കടയിൽ ഉണ്ടായിരുന്ന പഞ്ചസാരയും അരിയും കാട്ടാനകൾ തിന്നു. പിന്നീട് സമീപത്തു കിടന്ന കാറും തകർത്തു.
കാറിന്റെ പിൻഭാഗത്തെ വാതിലും ഗ്ലാസുകളും തകർന്ന നിലയിലാണ്. ജനവാസ മേഖലയോട് ചേർന്ന് കാട്ടാനകൾ നിലയുറപ്പിച്ചതോടെ ഭീതിയിലാണെന്നും ഇത്തരത്തിൽ വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യമാണ് വാൽപ്പാറയിലുള്ളതെന്നും നാട്ടുകാർ പറഞ്ഞു.















