തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ട ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തിനുത്തരവാദി കേരളത്തെ ഭരിച്ചു മുടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. കാറിന്റെ ബാക്ക് സീറ്റിൽ ഇരിക്കുന്ന മേയർക്ക് കെഎസ്ആർടിസി ഡ്രൈവറുടെ ആക്ഷൻ കാണാൻ കഴിയുമെന്നും എന്നാൽ നഗരത്തിലെ മാലിന്യങ്ങൾ കാണാൻ കഴിയുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. ജോയിയുടെ മരണത്തിൽ പ്രതിഷേധിച്ചുകൊണ്ട് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിലേക്ക് നടന്ന ബിജെപി മാർച്ച് ഉദ്ഘടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോയിയുടെ മരണം കേരളത്തിനേറ്റ അപമാനമാണെന്ന് വി മുരളീധരൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വീഴ്ച കൂടിയാണ് ഇത് വെളിവാക്കുന്നത്. സംസ്ഥാനത്തെ മന്ത്രിമാർ സംഭവത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാനാണ് ശ്രമിക്കുന്നത്. സ്വന്തം ഉത്തരവാദിത്വം റെയിൽവേയുടെ മേൽ ചുമത്തി കൈകഴുകാനാണ് നഗരസഭയുടെ ശ്രമം.
മാലിന്യങ്ങൾ ശേഖരിക്കുന്നതിലും സംസ്കരിക്കുന്നതിലും നഗരസഭയിൽ ശരിയായ മാർഗനിർദ്ദേശങ്ങൾ ഇല്ലെന്നും പെൻഷൻ കൊടുക്കാൻ പൈസ ഇല്ലാതിരുന്ന കാലത്ത് തദ്ദേശ മന്ത്രി ടൂറിൽ ആയിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ആമയിഴഞ്ചാൻ തോടിന്റെ ദുരവസ്ഥയ്‌ക്ക് കാരണം അനധികൃത കയ്യേറ്റങ്ങൾ ആണെന്നും കയ്യേറ്റക്കാർ സിപിഎം അനുകൂലികൾ ആയതിനാൽ ഭരണകൂടം ഒത്താശ ചെയ്ത് നല്കുന്നതായും ബിജെപി ആരോപിച്ചിരുന്നു.