മുംബൈ: ഓഹരി വിപണിയിൽ ഇന്ന് വൻ മുന്നേറ്റം. ബിഎസ്ഇ സെൻസെക്‌സ് ചരിത്രത്തിൽ ആദ്യമായി 81,000 പോയിൻ്റ് കടന്നു. 721.68 പോയിൻ്റ് ഉയർന്ന് 81,438.23 പോയിൻ്റിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 155.5 പോയിൻ്റ് ഉയർന്ന് 24,678.90 എന്ന ആജീവനാന്ത ഉയരത്തിലെത്തി.
വൻ ചാഞ്ചാട്ടത്തിലൂടെയാണ് ഇന്ന് ഓഹരി വിപണി കടന്നു പോയത്. ഐടി ഓഹരികളിലാണ് വലിയ ഉയർച്ച രേഖപ്പെടുത്തിയിരിക്കുന്നത്. പ്രാരംഭ വ്യാപാരത്തിൽ ഇടിവുണ്ടായെങ്കിലും ഉച്ചയോടെ വിപണി ഉണർന്നു. സെൻസെക്‌സ് ലിസ്റ്റ് ചെയ്ത കമ്പനികളിൽ, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസെർവ്, ടെക് മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എന്നിവ ലാഭം നേടി. അദാനി പോർട്ട്‌സ്, ഏഷ്യൻ പെയിൻ്റ്‌സ്, ടാറ്റ സ്റ്റീൽ, എൻടിപിസി, പവർ ഗ്രിഡ്, അൾട്രാടെക് സിമൻ്റ് എന്നിവയുടെ ഓഹരികൾക്ക് നേട്ടമുണ്ടാക്കാനായില്ല. മുഹറം പ്രമാണിച്ച് ബുധനാഴ്ച ഓഹരി വിപണികൾക്ക് അവധിയായിരുന്നു.
ഏഷ്യൻ വിപണികളിൽ ചൈനയുടെ ഷാങ്ഹായ് കോമ്പസിറ്റ്, ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കി എന്നിവ നഷ്ടത്തിലായപ്പോൾ ഹോങ്കോങ്ങിന്റെ ഹാങ് സെങ് ലാഭത്തിലാണ്. യുഎസ് വിപണികൾ ബുധനാഴ്ച നെഗറ്റീവ് പ്രവണതയോടെയാണ് ക്ലോസ് ചെയ്തത്.