ലക്നൗ: ഉത്തർപ്രദേശിൽ ട്രെയിൻ പാളംതെറ്റി അപകടം. ചണ്ഡിഗഡ്-ദിബ്രുഗഡ് റൂട്ടിലോടുന്ന ട്രെയിനാണ് പാളം തെറ്റിയത്. ഗോണ്ട-മങ്കാപൂർ സെക്ഷനിൽ വച്ചായിരുന്നു അപകടം. യുപിയിലെ ഗോണ്ട ജില്ലയിലാണ് അപകടം സംഭവിച്ച സ്ഥലമുള്ളത്. അപകട സ്ഥലത്തേക്ക് ഉടൻ എത്താനും രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ ഏകോപിപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി.
ഉച്ചയ്‌ക്ക് 2.35ഓടെയാണ് അപകടമുണ്ടായത്. ബുധനാഴ്ച രാത്രി 11.35ന് ചണ്ഡിഗഡ് സ്റ്റേഷനിൽ നിന്ന് അസമിലേക്ക് പുറപ്പെട്ട ട്രെയിനാണിത്. മോതിഗഞ്ച്-ഝിലാഹി റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലാണ് ട്രെയിൻ അപകടത്തിൽപ്പെട്ടത്.
In regard with the derailment of 15904 Dibrugarh Express in Lucknow division of North Eastern Railway, the helpline numbers are issued. pic.twitter.com/pe3CECrnmf
— Ministry of Railways (@RailMinIndia) July 18, 2024
ചണ്ഡിഗഡിൽ നിന്ന് അസമിലെ ദിബ്രുഗഡിലേക്കും തിരിച്ചും സർവീസ് നടത്തുന്ന ദിബ്രുഗഡ് എക്സ്പ്രസ് (15904) ആണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. അഞ്ച് കോച്ചുകൾ പാളം തെറ്റിയതായാണ് വിവരം. സംഭവസ്ഥലത്ത് റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. രണ്ട് പേർ മരിച്ചതായും 25 പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചു.
രക്ഷാപ്രവർത്തനത്തിനായി സംഭവ സ്ഥലത്തേക്ക് എത്താൻ വിവിധ സേനകൾക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ഫയർഫോഴ്സ്, കരസേന, എൻഡിആർഎഫ്, പൊലീസ് തുടങ്ങിയ സേനകൾ സംയുക്തമായി പരിശ്രമം നടത്തും.















