താൻ തരൺ : പഞ്ചാബിലെ താൻ തരൺ ജില്ലയിൽ വ്യാഴാഴ്ച നടത്തിയ തെരച്ചിലിൽ ആയുധ ശേഖരവും വെടിക്കോപ്പുകളും പിടികൂടി അതിർത്തി രക്ഷാ സേന (ബി.എസ്.എഫ്). 4 പിസ്റ്റളുകളും 50 റൗണ്ട് പാക് വെടിക്കോപ്പുകളുമാണ് കണ്ടെടുത്തത്.
ബി എസ് എഫ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തെ തുടർന്ന് ഇന്ന് സൈനികർ പഞ്ചാബിൽ സംശയമുള്ള പ്രദേശത്ത് തെരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ 2.13 ഓടുകൂടി ഒരു വലിയ പാക്കറ്റ് കണ്ടെടുക്കുകയായിരുന്നു. പാക്കറ്റ് തുറന്നപ്പോൾ അതിനുള്ളിൽ 4 ചെറിയ പാക്കറ്റുകളിലായി 4 പിസ്റ്റളുകളും 50 റൗണ്ട് പാക് നിർമ്മിത വെടിക്കോപ്പുകളും കണ്ടെത്തുകയായിരുന്നു. പ്രധാന പാക്കറ്റിനുള്ളിൽ നാല് ചെറിയ പേപ്പർ പാക്കറ്റുകളിലായി എട്ട് മെറ്റൽ വയർ പിന്നുകളും കണ്ടെത്തി.
പാകിസ്താൻ ആസ്ഥാനമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഭീകര ശൃംഖലകളെ ഉന്മൂലനം ചെയ്യാൻ പ്രതിജ്ഞാബദ്ധരാണെന്ന് ബിഎസ്എഫ് അറിയിച്ചു. കഴിഞ്ഞ ജൂൺ 16 ന് അമൃത്സറിലെ അതിർത്തി പ്രദേശത്ത് ബി എസ് എഫ് നടത്തിയ പരിശോധനയിൽ 1.060 കിലോ ഹെറോയിൻ പിടിച്ചെടുത്തിരുന്നു.















