രാജ്കുമാർ റാവുവും ശ്രദ്ധാ കപൂറും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സ്ത്രീ 2-ന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിന്റെ ആദ്യ ഭാഗത്തേത് പോലെ അത്ര തന്നെ ആകാംക്ഷ ഉയർത്തുന്ന വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. ഹൊറർ സസ്പെൻസ് ചിത്രത്തിനായി പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ട്രെയിലറിലെ ഓരോ സീനുകളും സിനിമാപ്രമികളുടെ ആകാംക്ഷ ഇരട്ടിയാക്കുകയാണ്. ‘ഈ വർഷത്തെ ഏറ്റവും വലിയ ഹൊറർ ചിത്രം കാണാൻ നിങ്ങൾ തയ്യാറായിക്കോളൂ’ എന്ന അടിക്കുറിപ്പോടെയാണ് ശ്രദ്ധാ കപൂർ ഇൻസ്റ്റഗ്രാമിൽ ട്രെയിലർ പങ്കുവച്ചത്. പശ്ചാത്തല സംഗീതവും മേക്കിംഗും കൊണ്ട് പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യവിരുന്ന് സമ്മാനിക്കാൻ ഒരുങ്ങുകയാണ് സ്ത്രീ-2.
പ്രേക്ഷകരെ ഭയപ്പെടുത്തുന്ന നിരവധി രംഗങ്ങളാണ് ട്രെയിലർ വീഡിയോയിലുള്ളത്. 2018-ൽ പുറത്തിറങ്ങിയ ആദ്യ ഭാഗത്തേക്കാൾ മികച്ചതായിരിക്കും രണ്ടാം ഭാഗം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഓഗസ്റ്റ് 15-നാണ് സ്ത്രീ-2 തിയേറ്ററുകളിലെത്തുന്നത്.
അമർ കൗശികാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ത്രില്ലർ ചിത്രമായ സ്ത്രീയ്‌ക്ക് ബോക്സോഫീസിലും മികച്ച കളക്ഷനാണ് നേടാനായത്.















