തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലകളിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തൃശൂരിൽ ഇന്ന് 11 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
തൃശൂരിൽ അഞ്ച് താലൂക്കുകളിലായിട്ടാണ് 11 ക്യാമ്പുകൾ തുറന്നതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 54 കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്. 17 വീടുകള്‍ ഭാഗികമായും 17 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ജില്ലയിലെ പെരിങ്ങല്‍ക്കുത്ത്, പൂമല, അസുരന്‍കുണ്ട് ഡാമുകള്‍ തുറന്നിട്ടുണ്ട്. പെരിങ്ങല്‍ക്കുത്ത് അഞ്ച് ഷട്ടറുകളും പൂമലയിൽ നാലും അസുരന്‍കുണ്ട് മൂന്ന് ഷട്ടറുകളുമാണ് തുറന്നത്.
കോഴിക്കോട് ഇന്ന് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ഇതോടെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം എട്ടായി. ജില്ലയിൽ ആകെ 77 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. ജില്ലയിലെ 50 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റിയിട്ടുണ്ട്.
കാസർകോട് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴയാണ് പെയതത്. വിവിധയിടങ്ങളിൽ വെള്ളക്കെട്ടും രൂക്ഷമാണ്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വയനാട്ടിലും വലിയ ദുരിതമാണ് മഴ വിതച്ചിരിക്കുന്നത്
കനത്ത മഴയിൽ കണ്ണൂർ ചക്കരക്കൽ താഴെചൊവ്വയിൽ വീടിന്റെ മതിൽ തകർന്നു. ചക്കരക്കൽ താഴെചൊവ്വ കാപ്പാട് പള്ളിപ്പൊയിൽ സ്വദേശി പി.കെ ഇർഷാദിന്റെ വീടിന്റെ മതിലാണ് തകർന്നത്. മതിൽ വീണ് നിർത്തിയിട്ടിരുന്ന കാറിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.