ചെന്നൈ: മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും തമിഴ്‌നാട് കായിക വകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കി ഉയർത്താൻ ചരടുവലി വീണ്ടും സജീവമായി. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഡിഎംകെ നേതൃത്വത്തിൽ വീണ്ടും ഉയർന്നു തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.
നേരത്തെ രണ്ട് തവണ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ നീക്കം നടത്തിയെങ്കിലും വിവാദങ്ങൾ ഉയർന്നതോടെ സ്റ്റാലിൻ പിന്തിരിയുകയായിരുന്നു. ജനുവരിയിൽ ഇതിനുളള നീക്കം നടത്തിയപ്പോഴാണ് സനാതന ധർമ്മത്തെ ആക്ഷേപിച്ച് ഉദയനിധിയുടെ പ്രസ്താവന പുറത്തുവന്നത്. തമിഴ്‌നാട്ടിലെങ്ങും ഇതിനെതിരെ ഹൈന്ദവ വിശ്വാസികൾക്കിടയിൽ ശക്തമായ പ്രതിഷേധമുയർന്നതോടെ ഡിഎംകെയ്‌ക്ക് പിൻമാറേണ്ടി വന്നു.
കളളക്കുറിച്ചി വ്യാജമദ്യ ദുരന്തം ഉൾപ്പെടെ ഉദയനിധിയുടെ ഉപമുഖ്യമന്ത്രി പദത്തെയും ബാധിച്ചിരുന്നു. 2009 ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായതുപോലെ ഉദയനിധിയെയും ഉയർത്തിക്കൊണ്ടുവരാനാണ് അണിയറ നീക്കം. ചെപ്പോക്ക് – തിരുവളളിക്കേനി മണ്ഡലത്തിലെ എംഎൽഎയായ ഉദയനിധി 2022 ഡിസംബറിലാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്നുണ്ടെന്നും 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും ഡിഎംകെ സംഘടനാ സെക്രട്ടറി ആർ.എസ് ഭാരതി പറഞ്ഞു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടി പ്രസിഡന്റും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൻ ആണെന്നും ആർ.എസ് ഭാരതി കൂട്ടിച്ചേർത്തു.
അടുത്ത ആഴ്ച സ്റ്റാലിൻ യുഎസ് സന്ദർശനത്തിന് യാത്ര തിരിക്കും. ഇതിന് മുൻപായി ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുന്നതിൽ തീരുമാനമുണ്ടാകുമെന്നാണ് ഡിഎംകെയിലെ ചർച്ചകൾ.