ജയ്പൂർ: കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന രോഹിത് ഗോദാര സംഘത്തിലെ പ്രധാനി, അമർജീത് ബിഷ്‌ണോയിയെ(30) രാജസ്ഥാൻ പൊലീസ് ഇറ്റലിയിൽ നിന്ന് അറസ്റ്റ് ചെയ്തു. 1960 കളിൽ മാഫിയകളുടെ ആസ്ഥാനമായിരുന്ന മത്സ്യബന്ധന ഗ്രാമമായ ട്രാപാനിയിൽ നിന്നാണ് ഇയാളെ പിടികൂടായത്.
രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയായ അമർജീത് സിംഗ് 22-ാം വയസ്സിലാണ് കുറ്റകൃത്യങ്ങളുടെ ലോകത്തെത്തിയത്. ജാമ്യത്തിലിറങ്ങിയ ശേഷം സൈപ്രസ്, ദുബായ് വഴി രാജ്യം വിടുകയായിരുന്നു. കാമുകി സുധ കൻവാറും ഇയാൾക്കൊപ്പം കടന്നുകളഞ്ഞിരുന്നു . 2022ൽ ഗുണ്ടാസംഘം രാജു തേത്തിനെയും വാതുവെപ്പുകാരൻ സച്ചിൻ ഗോഡയേയും കൊലപ്പെടുത്തിയ കേസിലാണ് അമർജീത് ബിഷ്‌ണോയിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ അമർജീതിന്റെ സഹോദരൻ സരബ്ജീതും ജയിലിലാണ്.
കൊലപാതകം, കൊള്ളയടിക്കൽ ഉൾപ്പെടെ എട്ട് കേസുകളാണ് അമർജീത് ബിഷ്‌ണോയിക്കെതിരെയുള്ളത്. ഇയാളുടെ തലയ്‌ക്ക് രാജസ്ഥാൻ പൊലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകങ്ങളിലേക്ക് നയിച്ചതെന്ന പൊലീസ് പറഞ്ഞു. രോഹിത് ഗോദാര സംഘവും ലോറൻസ് ബിഷ്‌ണോയി സംഘവും തമ്മിൽ ബന്ധമുണ്ടെന്ന് പൊലീസ് നിഗമനം. ഗായകനും രാഷ്‌ട്രീയക്കാരനുമായ സിദ്ധു മൂസ് വാലയെ കൊലപ്പെടുത്തിയ കേസിൽ ലോറൻസ് ബിഷ്‌ണോയി സംഘത്തിന് സഹായം നൽകിയത് ഗോദരയാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
അമർജീത് ബിഷ്‌ണോയി ഇറ്റലിയിലാണെന്ന സൂചന ലഭിച്ചതോടെ സിബിഐ മുഖനേ രാജസ്ഥാൻ പൊലീസ് ഇൻ്റർപോളുമായി ബന്ധപ്പെട്ടു. തുടർന്ന് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും ജൂലൈ 8 ന് ഇറ്റാലിയൻ അധികൃതർ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിയെ രാജ്യത്തെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിരിക്കുകയാണ് പൊലീസ്