റായ്പുർ: ബിജാപുരിൽ നക്‌സലുകളുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ജവാൻ ഭരത് ലാൽ സാഹുവിന്റെ ഭൗതികശരീരം ഏറ്റുവാങ്ങി ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ്. ഭരത് ലാൽ സാഹുവിന് മുഖ്യമന്ത്രി അന്തിമോപചാരമർപ്പിച്ചു.
കഴിഞ്ഞ ജൂലൈ 17നായിരുന്നു ബിജാപൂരിലെ ടാർറം മേഖലയിൽ ഐഇഡി സ്ഫോടനമുണ്ടായത്. ജില്ലയിൽ നക്‌സൽ വിരുദ്ധ ഓപ്പറേഷനിൽ പങ്കെടുത്ത സുരക്ഷാ ഉദ്യോഗസ്ഥർ തിരച്ചിൽ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം. സ്ഫോടനത്തിൽ രണ്ട് എസ്ടിഎഫ് ജവാന്മാർ കൊല്ലപ്പെടുകയായിരുന്നു. റായ്പൂർ സ്വദേശിയായ കോൺസ്റ്റബിൾ ഭരത് സാഹു, നാരായൺപൂരിലെ കോൺസ്റ്റബിൾ സത്യേർ സിംഗ് കാംഗേ എന്നിവരാണ് വീരമൃത്യുവരിച്ചത്. 4 ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവർ അപകടനില തരണം ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. നക്സലിസത്തിനെതിരെ സംസ്ഥാനം ശക്തമായി പോരാടുമെന്നും ഛത്തീസ്ഗഡ് വൈകാതെ നക്സൽ വിമുക്തമാകുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ജൂലൈ 17 ന് മഹാരാഷ്‌ട്ര- ഛത്തീസ്ഗഡ് അതിർത്തിയിലെ വണ്ടോലി ഗ്രാമത്തിൽ നടന്ന മറ്റൊരു സുപ്രധാന നക്സൽ വിരുദ്ധ ഓപ്പറേഷനിൽ 12 നക്സലുകളെ സുരക്ഷാ സേന വധിച്ചിരുന്നു. ഓപ്പറേഷനിൽ നക്സലുകളുടെ ആയുധ ശേഖരവും പിടികൂടി.