തൃശൂർ: കഴിഞ്ഞ ദിവസങ്ങളായി കർണാടക സർക്കാർ കേരളത്തോട് കാണിക്കുന്ന വൈരനിര്യാതന ബുദ്ധിയോടുളള സമീപനത്തിനെതിരെ എൻഡിഎ കേരള ഘടകത്തിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ സുരേന്ദ്രൻ. കർണാടകയിൽ അപകടത്തിൽപെട്ട മലയാളി ഡ്രൈവർ അർജ്ജുനും അദ്ദേഹത്തിന്റെ വാഹനവും നാല് ദിവസമായി മണ്ണിനടിയിലായിട്ടും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. എൻഡിഎ നേതൃയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസിനെ വിളിച്ചിട്ടും ഫയർഫോഴ്‌സിനെ വിളിച്ചിട്ടും വന്നില്ല. കർണാടകയിലെ ദുരന്ത നിവാരണ ഏജൻസികൾ ഒന്നും ഇതിനോട് സഹകരിച്ചില്ല. ഇന്നാണ് എന്തെങ്കിലും നടപടി സ്വീകരിച്ചത്. തെറ്റായ സമീപനമാണിതെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ജോലിയിടങ്ങളിൽ നിന്ന് അന്യസംസ്ഥാനക്കാരെ ഒഴിവാക്കാനുളള കർണാടക മന്ത്രിസഭായോഗ തീരുമാനം മലയാളികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. 30 ലക്ഷം മലയാളികളാണ് കർണാടകയിലുളളതെന്ന് അദ്ദേഹം പറഞ്ഞു. ദ്രോഹമാണ് കേരളത്തോട് കർണാടക കാണിക്കുന്നതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കർണാടക സർക്കാരിന്റെ തെറ്റായ സമീപനത്തിനെതിരായി 24 ന് എൻഡിഎയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രതിഷേധ പരിപാടി നടക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.