ശ്രീലങ്കൻ പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിന്റെ പ്രഖ്യാപനം ഇന്നലെയാണ് നടന്നത്. അർഹരെ ഒഴിവാക്കി ഇഷ്ടക്കാരെ ഇരു ടീമുകളിലും ഉൾപ്പെടുത്തിയെന്ന് വ്യാപക വിമർശനം ഇതിനിടെ ഉയർന്നിട്ടുണ്ട്. സഞ്ജു സാംസണെ ഏകദിനത്തിലേക്ക് പരിഗണിക്കാതെ അരങ്ങേറ്റ പരമ്പരയിൽ തിളങ്ങാതിരുന്ന റിയാൻ പരാഗിനെ രണ്ട് ടീമിലും ഉൾപ്പെടുത്തിയത് എന്തിന്റെ അടിസ്ഥാനത്തിലെന്നാണ് ആദ്യ ചോദ്യം. അവസാന ഏകദിനത്തിൽ സഞ്ജു സെഞ്ച്വറി നേടിയിരുന്നു.
അരങ്ങേറ്റ പരമ്പരയിൽ സെഞ്ച്വറിയുമായി മിന്നും ഫോമിലായിരുന്ന അഭിഷേക് ശർമ്മയെ ഒഴിവാക്കി ശുഭ്മാൻ ഗില്ലിനെ ടി20യിൽ ഉൾപ്പെടുത്തിയതും കല്ലുകടിയായി. സിംബാബ്വെയിൽ മികച്ച പ്രകടനം നടത്തിയ ഋതുരാജ് ഗെയ്ക്വാദിനെയും ഒഴിവാക്കിയതും ആരാധകർ ചോദ്യം ചെയ്യുന്നു. ടി20 ലോകകപ്പിൽ ഭേദപ്പെട്ട പ്രകടനം പോലും നടത്താതിരുന്ന ഋഷഭ് പന്തിനെ ഇരു ടീമുകളിലും ഉൾപ്പെടുത്തിയതും ആരാധകരെ ഞെട്ടിച്ചു. രണ്ടുഫോർമാറ്റിലും ശുഭ്മാൻ ഗില്ലിനെയാണ് ക്യാപ്റ്റനാക്കിയത്.
ടി20യിൽ ഉപനായകനായിരുന്ന ഹാർദിക്കിനെ മാറ്റി സൂര്യകുമാർ യാദവിനെയാണ് സ്ഥിരം ക്യാപ്റ്റനാക്കിയത്. രോഹിത് ശർമ്മ വിരമിച്ചതോടെ ഹാർദിക് നായകനാകുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പൊതുസമ്മതനായ സൂര്യക്കൊപ്പം നിൽക്കാനാണ് മാനേജ്മെന്റ് തീരുമാനിച്ചത്. ഹാർദിക്കിനെ നായകനാക്കുന്നതിൽ ടീമിലെ പലർക്കും താത്പ്പര്യമില്ലെന്നാണ് സൂചന. ഇക്കാര്യത്തിൽ മണിക്കൂറുകൾ നീണ്ട ചർച്ചകൾ സെലക്ഷൻ കമ്മിറ്റി നടത്തിയിരുന്നു. ഹാർദിക്കിന്റെ ശാരീരിക ക്ഷമതയും പെരുമാറ്റവുമടക്കം സെലക്ഷൻ കാര്യത്തിൽ പരിഗണിച്ചു.