ന്യൂഡൽഹി: ബംഗ്ലാദേശി പൗരന്മാരുടെ വൃക്ക ഉൾപ്പെടെയുള്ള അവയവങ്ങൾ കടത്തി ആവശ്യക്കാർക്ക് വൻവിലയ്ക്ക് വിൽക്കുന്ന അവയവക്കടത്ത് സംഘത്തെ പിടികൂടി ഡൽഹി പൊലീസ്. ബംഗ്ലാദേശി പൗരന്മാരുൾപ്പെടെ 7 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഡൽഹി, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് ഗുജറാത്ത് എന്നീ 5 സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. ഇവിടങ്ങളിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ 3 പേർ ബംഗ്ലാദേശി പൗരന്മാരാണ്. ഒന്നിലധികം സെൽഫോണുകൾ, ലാപ്ടോപ്പ്, സിം കാർഡുകൾ, പണം, സംശയാസ്പദമായ രേഖകൾ മുതലായവ പൊലീസ് റെയ്ഡിൽ പിടിച്ചെടുത്തു.
ദരിദ്രരായ ബംഗ്ലാദേശ് പൗരന്മാരെ ചൂഷണം ചെയ്താണ് ഇവർ പ്രവർത്തിച്ചിരുന്നത്. 4 മുതൽ 5 ലക്ഷം രൂപവരെ നൽകിയാണ് സംഘം ഇവരെ വൃക്ക ദാനം ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ചിലരെ ജോലി നൽകാമെന്ന് വാഗ്ദാനം നൽകിയും വഞ്ചിച്ചു. അവയവങ്ങൾ സ്വീകരിക്കുന്നവരുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ വ്യാജരേഖകളും സംഘം നിർമ്മിച്ചിരുന്നു. ഇത്തരത്തിൽ കടത്തുന്ന വൃക്കകൾ 20 മുതൽ 30 ലക്ഷം രൂപയ്ക്കാണ് ആവശ്യക്കാർക്ക് വിറ്റിരുന്നത്.
കൺസൾട്ടൻ്റ് സർജൻ ഡോ.വിജയ കുമാരിയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഇവർ നോയിഡയിലെ ആശുപത്രിയിൽ 15 ൽ അധികം നിയമ വിരുദ്ധ ശസ്ത്രക്രിയകൾ നടത്തിയതായാണ് വിവരം. ഓരോ ശസ്ത്രക്രിയയ്ക്കും 2 ലക്ഷം രൂപ വീതം ഇവർക്ക് ലഭിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.















