വെള്ളിയാഴ്ച രാവിലെ മുതൽ വിൻഡോസ് യൂസേഴ്സിന് “Windows blue screen of death” എന്നാണ് സ്ക്രീനീൽ കഴിയാൻ സാധിക്കുന്നത്. ഒന്നുകിൽ റീ-സ്റ്റാർട്ട് ആവുകയോ, അല്ലെങ്കിൽ സിസ്റ്റം ഷട്ട് ഡൗൺ ആവുകയോ ചെയ്യും. ഇതോടെ വിവിധ മേഖലകളിൽ സേവനങ്ങളും തടസപ്പെട്ടു. വ്യോമയാന മേഖലയും ബാങ്കിംഗ് സേവനങ്ങളും ഐടി സ്ഥാപനങ്ങളും നിശ്ചലമായി. വിവിധ മീഡിയാ ഔട്ട്ലെറ്റുകളും പ്രതിസന്ധിയിലായി. വിൻഡോസിന് എന്താണ് സംഭവിച്ചതെന്ന ചോദ്യവും ഇതോടെ ഉയർന്നു.
സൈബർ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്സ്ട്രൈക്കിലെ പ്രശ്നമാണ് വിൻഡോസിന് തകരാറുണ്ടാക്കിയതെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നു. സൈബറാക്രമണമാണോ സംഭവിച്ചതെന്ന ചോദ്യങ്ങൾക്ക് ക്രൗഡ്സ്ട്രൈക്ക് സിഇഒയും പ്രസിഡന്റുമായി ജോർജ് കുർട്സ് തന്നെ മറുപടി നൽകിയിരിക്കുകയാണ്.
ഇതൊരു സുരക്ഷാ വീഴ്ചയോ സൈബറാക്രമണമോ അല്ലെന്ന് ഉറപ്പുനൽകുകയാണ് ക്രൗഡ്സ്ട്രൈക്ക് സിഇഒ. വിൻഡോസിൽ വന്ന സിംഗിൾ കണ്ടന്റ് അപ്ഡേറ്റിൽ കണ്ടെത്തിയ തകരാറാണ് ഉപഭോക്താക്കളെ ബാധിച്ചതെന്നും ഇക്കാര്യം പരിഹരിക്കാനായി ക്രൗഡ്സ്ട്രൈക്ക് പ്രയത്നിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നം ബാധിച്ചവയിൽ Macഉം Linuxഉം ഇല്ല. പ്രശ്നമെന്താണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അത് ഒറ്റപ്പെട്ട സംഭവമാണ്. വിഷയവുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ അറിയാൻ ക്രൗഡ്സ്ട്രൈക്കിന്റെ സപ്പോർട്ട് പോർട്ടൽ സന്ദർശിക്കണം. ക്രൗഡ്സ്ട്രൈക്കിന്റെ പ്രതിനിധികളുമായി ഔദ്യോഗിക ചാനലുകൾ പ്രകാരം ആശയവിനിമയം നടത്തണമെന്ന് സ്ഥാപനങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ക്രൗഡ്സ്ട്രൈക്ക് ഉപഭോക്താക്കൾക്ക് സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്താൻ തങ്ങളുടെ എല്ലാ ടീമംഗങ്ങളും സജ്ജമാണെന്നും കമ്പനി സിഇഒ പറഞ്ഞു.
വിൻഡോസിൽ വന്ന സോഫ്റ്റ് വെയർ അപ്ഡേറ്റിൽ തകരാറുണ്ടായിരുന്നു, അത് ക്രൗഡ്സ്ട്രൈക്ക് തിരിച്ചെടുത്തതോടെയാണ് ഹോസ്റ്റ് കമ്പ്യൂട്ടറുകൾ ബാധിക്കപ്പെട്ടതെന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമായ CERT-In വ്യക്തമാക്കിയിട്ടുണ്ട്.