ന്യൂഡൽഹി: യൂറോപ്യൻ കമ്മീഷന്റെ പ്രസിഡൻ്റായി രണ്ടാം തവണയും ചുമതലയേറ്റ ഉർസുല വോൺ ഡെർ ലെയന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യൂറോപ്യൻ കമ്മീഷനുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ആഗോളനന്മയ്‌ക്കായും ഒരുമിച്ചു പ്രവർത്തിക്കാമെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
720 സീറ്റുകളുള്ള ചേംബറിൽ 361 വോട്ടുകളുടെ കേവല ഭൂരുപക്ഷമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കാനാവശ്യമെന്നിരിക്കെ 401 വോട്ടുകളുടെ പിന്തുണയാണ് ഉർസുല ലെയ്നിന് ലഭിച്ചത്. ജെർമനിയുടെ മുൻ പ്രതിരോധ മന്ത്രിയായിരുന്ന ഉർസുല ലെയ്ൻ 2019-ലാണ് യൂറോപ്യൻ യൂണിയന്റെ സാരഥിയായി അധികാരമേൽക്കുന്നത്. ഈ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് ഉർസുല.
ഉർസുല വോൺ ഡെർ ലെയൻ യൂറോപ്യൻ കമ്മീഷന്റെ പ്രസിഡന്റായി രണ്ടാം തവണയും ചുമതലയേൽക്കുമ്പോൾ, പോർച്ചുഗലിന്റെ മുൻ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ യൂറോപ്യൻ കൗണ്സിലിന്റെ പ്രസിഡന്റായി ചുമതലയേൽക്കും. അതേസമയം എസ്തോണിയൻ പ്രധാനമന്ത്രിയായ കാജാ കല്ലാസിനെ വിദേശകാര്യ സുരക്ഷാ നയങ്ങളുടെ ഉന്നത പ്രതിനിധിയായി നാമനിർദ്ദേശം ചെയ്തു.
രണ്ടാം തവണയും തന്റെ നാമനിർദ്ദേശം അംഗീകരിച്ച നേതാക്കൾക്ക് നന്ദിയറിയിച്ച് ഉർസുല വോൺ ഡെർ ലെയൻ രംഗത്തെത്തി. ഫലം ആത്മവിശ്വാസം കൂട്ടുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.















