പാലക്കാട്: ആയുധം കൈവശം വച്ച കേസിൽ പാലക്കാട് കോടതിയിൽ കീഴടങ്ങി വ്‌ളോഗർ വിക്കി തഗ്. കേസുമായി ബന്ധപ്പെട്ട് കസബ പൊലീസിന് വീണ്ടും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതിയിൽ ഹാജരാകുന്നതെന്ന് കീഴടങ്ങുന്നതിന് തൊട്ടുമുന്നേ വിക്കി തഗ് പങ്കുവച്ച വീഡിയോയിൽ പറയുന്നു. ഇതൊരു മാസ് വീഡിയോയല്ലെന്നും വിക്കി തഗ് പറയുന്നുണ്ട്.
” എത്രയും പ്രിയപ്പെട്ട മലമ്പുഴ ജയിലിലേക്ക് എനിക്ക് മടങ്ങേണ്ടതായി വരും. പെട്ടന്ന് തിരിച്ചു വരാൻ എല്ലാവരും പ്രാർത്ഥിക്കണം. എന്നെ സംബന്ധിച്ചിടത്തോളം റീൽ ഇപ്പോൾ റിയൽ ലൈഫായി മാറിയിരിക്കുകയാണ്.” അതിനാൽ ഇത് മാസായി കണ്ട് സഞ്ജുവിനോട് ചെയ്തത് പോലെ തന്നോട് ചെയ്യരുതെന്നും വിക്കി തഗ് പറയുന്നു.
View this post on Instagram
2022ലാണ് വിക്കി തഗിനെതിരായ കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് വച്ചുണ്ടായ വാഹന പരിശോധനയിൽ വിക്കി തഗ് എന്നറിയപ്പെടുന്ന വിഘ്‌നേഷിന്റെ കാറിൽ നിന്ന് മയക്കുമരുന്നും ആയുധങ്ങളും കണ്ടെടുക്കുകയായിരുന്നു. സംഭവത്തിൽ വിഘ്‌നേഷിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്‌തെങ്കിലും മയക്കുമരുന്ന് കേസിൽ ഇവർക്ക് ജാമ്യം ലഭിച്ചു.
എന്നാൽ ആയുധം കൈവശം വച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ നൽകിയെങ്കിലും അപേക്ഷ തള്ളി. ഇതോടെ പ്രതികൾ ഒളിവിൽ പോയി. തുടർന്ന് വിക്കിയെ വീണ്ടും ചോദ്യം ചെയ്യണമെന്ന് കസബ പൊലീസ് ആവശ്യം ഉന്നയിച്ചപ്പോൾ വിഘ്‌നേഷിനോട് ഹാജരാകാൻ കോടതി ഉത്തരവിടുകയായിരുന്നു.