വയനാട്: നഗ്നചിത്രം കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിൽ യുവാവ് പിടിയിൽ. കോഴിക്കാട് കൈതപ്പൊയിൽ സ്വദേശി ആഷിഖ് (29) ആണ് പിടിയിലായത്. വിദേശത്തായിരുന്നു ആഷിഖ്. ഇയാൾക്കായുള്ള ലുക്ക് ഔട്ട് നോട്ടീസും പൊലീസ് പുറത്തിറക്കിയിരുന്നു.
വിദേശത്ത് നിന്ന് യുവാവ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിൽ ആഷിഖിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
2022ലാണ് കേസിനാസ്പദമായ സംഭവം. മേപ്പാടി സ്വദേശിനിയായ യുവതിയുടെ നഗ്നചിത്രം ഇയാൾ പിതാവിന്റെയും യുവതിയുടെ കുടുംബ സുഹൃത്തിന്റെയും ഫോണിലേക്ക് അയച്ച് കൊടുത്ത് പണം ആവശ്യപ്പെടുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ ചിത്രം ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തെങ്കിലും ആഷിഖ് വിദേശത്തായിരുന്നതിനാൽ പിടികൂടാൻ സാധിച്ചില്ല. തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ ആഷിഖിനെ പൊലീസ് കയ്യോടെ പൊക്കുകയായിരുന്നു.















