ബെംഗളൂരു: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കോൺഗ്രസ് രാഷ്‌ട്രീയത്തിലെ പരാദ സസ്യമാണെന്നും മറ്റുള്ള പാർട്ടികളുടെ ബലത്തിലും പിന്തുണയിലും പിടിച്ചുനിൽക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. സഖ്യകക്ഷികൾ ഉള്ളതുകൊണ്ട് മാത്രമാണ് അവർ നിലനിന്നുപോകുന്നതെന്നും നദ്ദ പരിഹസിച്ചു. ഒഡിഷയിലെ പുരിയിൽ നടന്ന ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ സംസാരിക്കവെയാണ് ജെപി നദ്ദയുടെ പരാമർശം.
കോൺഗ്രസ് പാർട്ടി പരാദ സസ്യം പോലെയാണ്. മറ്റുള്ളവരുടെ ബലത്തിലാണ് അവർ നിലനിൽക്കുന്നത്. ഗുജറാത്ത്, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാകെ 64 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. കോൺഗ്രസ് ഒറ്റയ്‌ക്കാണ് ബിജെപിയോട് മത്സരിച്ചിരുന്നതെങ്കിൽ അവരുടെ അവസ്ഥ ദയനീയമാകുമായിരുന്നു. 62 ൽ 64 സീറ്റും ബിജെപിയാണ് നേടിയത്. വെറും 2 സീറ്റുകളാണ് കോൺഗ്രസിന് കിട്ടിയത്. അവരുടെ സ്ട്രൈക്ക് റേറ്റ് 25 ശതമാനം പോലുമില്ല, നദ്ദ പറഞ്ഞു.
കോൺഗ്രസ് ജയിച്ചത് മറ്റുള്ള പാർട്ടികളുടെ ഒപ്പം കൂടിയതുകൊണ്ടാണ്. പ്രാദേശിക പാർട്ടികളുടെ പിന്തുണയില്ലാത്ത മണ്ഡലങ്ങളിൽ കോൺഗ്രസ് വെറും സീറോ ആയിരുന്നുവന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരത്തിൽ ഇത്തിൾ വള്ളി ചുറ്റിപ്പിടിക്കുന്നതുപോലെയാണ് കോൺഗ്രസ് മറ്റു പാർട്ടികളെ ആശ്രയിക്കുന്നത്. ഒടുവിൽ അവർ ദുർബലമാവുകയും കോൺഗ്രസ് അവർക്ക് ലഭിച്ച വോട്ടിൽ പിടിച്ചുനിൽക്കുകയുമാണ് ചെയ്യുന്നത്. ഭരണഘടനയുടെ രക്ഷകർ എന്ന് പ്രഖ്യാപിച്ച് നടക്കുന്നവർ യഥാർത്ഥത്തിൽ ഭരണഘടനയുടെ അന്തകരാണെന്നും നദ്ദ ആരോപിച്ചു.















