ന്യൂയോർക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ജോ ബൈഡൻ. മത്സരത്തിൽ തുടരുമെന്നും, പാർട്ടി ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്നുമാണ് ബൈഡൻ പ്രഖ്യാപിച്ചത്. നിലവിൽ കോവിഡ് ഐസൊലേഷനിൽ തുടരുകയാണ് ബൈഡൻ. ഡെലവെയർ ബീച്ച് ഹോമിൽ നിന്ന് പുറത്ത് വിട്ട പ്രസ്താവനയിലാണ് ബൈഡൻ ഇക്കാര്യം അറിയിച്ചത്.
” അടുത്തയാഴ്ചയോടെ തന്നെ പ്രചാരണ പരിപാടികളിലേക്ക് മടങ്ങിയെത്തും. രോഗലക്ഷണങ്ങൾ മാറി വരുന്നതായി ഡോക്ടറും അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചിത്രം ഇപ്പോഴും വ്യക്തമാണ്. അതിൽ യാതൊരു വിധ സംശയത്തിന്റേയും ആവശ്യമില്ല. ഞങ്ങൾ ഒരുമിച്ച് നിന്ന് തന്നെ മത്സരത്തെ നേരിടുകയും, വിജയിക്കുകയും ചെയ്യുമെന്നും” ബൈഡൻ അറിയിച്ചു.
അതേസമയം ബൈഡന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ എതിർപ്പ് രൂക്ഷമാവുകയാണ്. ട്രംപിന്റെ പ്രചാരണ പരിപാടികൾക്ക് കൂടുതൽ പിന്തുണ ലഭിക്കുന്നത് ഉൾപ്പെടെ നേതാക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും ബൈഡൻ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ അതൃപ്തി അറിയിച്ചിരുന്നു. ബൈഡന് പകരം കമലാ ഹാരിസിന് അവസരം നൽകണമെന്നാണ് പാർട്ടിക്കുള്ളിൽ വലിയൊരു ശതമാനം ഉയർത്തുന്ന ആവശ്യം.
വധശ്രമം ഉണ്ടായതിന് പിന്നാലെ പൊതുവെ രാജ്യത്ത് ട്രംപിന് അനുകൂലമായ തരംഗം ഉണ്ടെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് കൂടുതൽ പ്രമുഖർ ബൈഡന് അവസരം നൽകേണ്ടതില്ലെന്ന ആവശ്യം മുന്നോട്ട് വച്ചത്. ഒബാമയ്‌ക്ക് പുറമെ മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസിയും കടുത്ത വിയോജിപ്പ് അറിയിച്ചതായാണ് വിവരം.















