തിരുവനന്തപുരം: തലസ്ഥാനത്ത് ചികിത്സാ പിഴവിനെ തുടർന്ന് യുവതി അബോധാവസ്ഥയിൽ. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലാണ് സംഭവം. കിഡ്‌നി സ്റ്റോൺ ചികിത്സക്കിടെ എടുത്ത കുത്തിവയ്പ്പിനിടെയാണ് നെയ്യാറ്റിൻകര സ്വദേശി കൃഷ്ണ തങ്കപ്പൻ അബോധാവസ്ഥയിലായത്. യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ ഡോ വിനുവിനെതിരെ കേസെടുത്തു. അബോധാവസ്ഥയിൽ തുടരുന്ന യുവതി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
15-ാം തീയതിയാണ് യുവതി നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. അലർജിയുൾപ്പെടെയുള്ള പരിശോധനകൾ നടത്താതെയാണ് യുവതിക്ക് കുത്തിവയ്‌പ്പെടുത്തത്. ഭാരതീയ ന്യായ സംഹിതയുടെ 125-ാം വകുപ്പ് പ്രകാരമാണ് ഡോക്ടർക്കെതിരെ കേസെടുത്തിരിക്കുന്നത്.















