ബെംഗളൂരു ; കർണാടകയിലെ 54 ഇടങ്ങളിലാണ് കഴിഞ്ഞ ദിവസം ലോകായുക്ത ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത് . ബെംഗളൂരു നഗരത്തിലെ ആറ് വീടുകളിലും ബെംഗളൂരു റൂറലിൽ രണ്ട് വീടുകളിലും ഷിമോഗയിൽ രണ്ട് വീടുകളിലും യാദഗിരിയിലും തുമകൂരിലും ഓരോ വീടുകളിലും ലോകായുക്ത ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി .
അതേസമയം റെയ്ഡിനിടെ സ്വർണാഭരണങ്ങളടങ്ങിയ ബാഗ് അയൽപക്കത്തെ വീട്ടിലേക്ക് എറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച അക്തർ അലി എന്ന ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് കണക്കിൽപ്പെടാത്താ സ്വർണം അടങ്ങിയ ബാഗ് പിടിച്ചെടുത്തു.
അക്തർ അലിയുടെ വീട് അയൽ വീട്ടിലെ ജനലുമായി ബന്ധിപ്പിച്ച നിലയിലാണ് . റെയ്ഡിനായി ഉദ്യോഗസ്ഥർ വീട്ടിൽ പ്രവേശിച്ചപ്പോൾ തന്നെ അക്തർ അലി സ്വർണ്ണം അടങ്ങിയ ബാഗ് അയൽ വീട്ടിലെ ജനലിലൂടെ വലിച്ചെറിഞ്ഞു. അയൽപക്കത്തെ വീടിന്റെ ജനലിനോട് ചേർന്നാണ് അക്തർ അലിയുടെ വീടിന്റെ ഒന്നാം നില. അവിടെ നിന്ന് അക്തർ അലി അയൽ വീട്ടിലെ ജനലിനുള്ളിലേയ്‌ക്ക് ബാഗിൽ സ്വർണം നിറച്ച് എറിയുകയായിരുന്നു . എന്നാൽ സംഭവം കണ്ട ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചപ്പോൾ ബാഗിൽ സ്വർണമുണ്ടെന്ന് കണ്ടെത്തി.
അക്തർ അലിയിൽ നിന്ന് ചില സുപ്രധാന രേഖകളുംസംഘം പിടിച്ചെടുത്ത് പരിശോധിച്ചുവരികയാണ്. അയൽ വീട്ടിലെ ജനലിലൂടെ ചില രേഖകൾ അലി കടത്തിയതായും സംശയിക്കുന്നു. അതിനാൽ സമീപത്തെ വീട്ടിലും തിരച്ചിൽ നടത്തിയിട്ടുണ്ട്. 25 ലക്ഷം രൂപയാണ് അക്തർ അലിയുടെ വീട്ടിൽ നിന്ന് ഇതുവരെ ലഭിച്ചത്. പണം, 2.20 കിലോ സ്വർണാഭരണങ്ങൾ, രണ്ട് കിലോ വെള്ളി സാധനങ്ങൾ, അൻപതിലധികം വാച്ചുകൾ, ലക്ഷങ്ങൾ വിലമതിക്കുന്ന വജ്രാഭരണങ്ങൾ എന്നിവ കണ്ടെടുത്തു.















