പാലക്കാട്: ഗായിക നഞ്ചിയമ്മയുടെ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് നടന്ന സമരത്തിന് നേതൃത്വം നൽകിയയാളെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. സുകുമാരൻ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് അതിർത്തിയിൽ ഭൂമി വാങ്ങിയവരെ ഭീഷണിപ്പെടുത്തുകയും സമൂഹമാദ്ധ്യമങ്ങളിൽ തെറ്റായ പ്രചരണങ്ങൾ നടത്തി ആളുകളിൽ തെറ്റിദ്ധാരണയുണ്ടാക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്.
ഭർത്താവിന്റെ പേരിലുള്ള ഭൂമി സ്വകാര്യ വ്യക്തി വ്യാജരേഖയുണ്ടാക്കി കയ്യേറ്റം ചെയ്‌തെന്ന് ചൂണ്ടിക്കാണിച്ചാണ് നഞ്ചിയമ്മ കൃഷിയിറക്കൽ സമരത്തിനിറങ്ങിയത്. ഇതിന് നേതൃത്വം നൽകിയത് സുകുമാരനായിരുന്നു.
വ്യാജരേഖകൾ കാണിച്ച് ഭർത്താവിന്റെ പിതാവിൽ നിന്നുമാണ് ഭൂമി തട്ടിയെടുത്തതെന്നും, പിന്നീട് ഈ ഭൂമി കൈമാറ്റം ചെയ്യപ്പെടുകയായിരുന്നുവെന്നും നഞ്ചിയമ്മ ആരോപിച്ചിരുന്നു.
എന്നാൽ രേഖകൾ വ്യാജമാണെന്ന് മനസിലായതോടെയാണ് ഭൂമി തിരിച്ചുപിടിക്കുന്നതിനായി ഇവർ രംഗത്തിറങ്ങിയത്. ടിഎൽഎ കേസും, മിച്ചഭൂമി കേസും നിലനിൽക്കെയാണ് ഭൂമി കൈമാറ്റം ചെയ്യപ്പെട്ടതെന്നും നഞ്ചിയമ്മ പറഞ്ഞു.
ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ടുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അതിനാലാണ് തുടർ നടപടികൾ വൈകുന്നതെന്നും അട്ടപ്പാടി തഹസീൽദാർ ഷാനവാസ് വ്യക്തമാക്കിയിരുന്നു. സ്റ്റേ നിലനിൽക്കുന്നതിനാൽ കോടതി ഉത്തരവ് പാലിച്ച് മാത്രമേ നീങ്ങാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.















