കോട്ടയം: സേവനത്തിന്റെ പാതയിൽ മുന്നേറുന്ന പരിവാർ സംഘടനയാണ് സേവാഭാരതിയെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. 1980- കളുടെ അവസാനം സേവന രംഗത്തേക്ക് വന്ന പരിവാർ സംഘടനയാണ് സേവാ ഭാരതി. 1977 മുതൽ ഈ ആശയത്തിന്റെ സഹയാത്രികനായി ഞാനും പ്രവർത്തിച്ചിരുന്നു. സമൂഹത്തിൽ ഏറ്റവും ഉദാത്തമായ പ്രവർത്തനം കാഴ്ചവച്ച പരിവാർ സംഘടനയാണ് സേവാഭാരതിയെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് ഭവനരഹിതരായ 47 കുടുംബങ്ങൾക്ക് ഭൂമി ആധാരം ചെയ്ത് കൈമാറുന്ന സേവാഭാരതിയുടെ ഭൂദാനം- ശ്രേഷ്ഠദാനം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
മനുഷ്യ ജീവിതത്തിന്റെ ചിന്താ ഗതിയെയും പ്രവർത്തന രീതിയെയും മാറ്റിയ മനുഷ്യ സ്‌നേഹത്തെ ഊട്ടിയുറപ്പിച്ച ഒരു മഹാമാരിയായിരുന്നു കോവിഡ്. മഹാമാരിയിൽ നിന്ന് നാം പഠിച്ച പാഠങ്ങളും സന്ദേശങ്ങളും വലുതാണ്. കോവിഡ് കാലത്ത് കേരളം സഹജീവി സ്‌നേഹത്തിലൂടെ കേട്ട പേരാണ് സേവാഭാരതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധിയാളുകൾക്കാണ് സേവാഭാരതിയിലൂടെ തലചായ്‌ക്കാൻ ഇടം ലഭിക്കുന്നത്. ഭൂദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച് നിരവധിയാളുകൾ രംഗത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നതായും ജോർജ് കുര്യൻ പ്രത്യാശ പ്രകടിപ്പിച്ചു.
ചടങ്ങിൽ 47 കുടുംബങ്ങൾക്കാണ് ആധാരം കൈമാറിയത്. ഭൂമിദാനം ചെയ്തവരെയും ചടങ്ങിൽ ആദരിച്ചു. റിട്ട. ജസ്റ്റിസ് പത്ഭൂഷൺ കെ. ടി തോമസ്, മുതിർന്ന പ്രചാരകന്മാരായ ശ്രീ. എസ് സേതുമാധവൻ, ശ്രീ. രാമനുണ്ണി, ശ്രീ. പി. പി പദ്മനാഭൻ, ഡോ. പി ബാലചന്ദ്രൻ മന്നത്ത്, ഡോ. രഞ്ജിത്ത് വിജയഹരി ( പ്രസിഡന്റ് ദേശീയ സേവാഭാരതി കേരളം), ഡോ ശ്രീറാം ശങ്കർ, (ജനറൽ സെക്രട്ടറി ദേശീയ സേവാഭാരതി കേരളം), ഡോ. ഇ. പി കൃഷ്ണൻ നമ്പൂതിരി (വൈസ് പ്രസിഡണ്ട് ദേശീയ സേവാഭാരതി കേരളം) ദേശീയ സേവാഭാരതിയുടെ സംസ്ഥാന ഭാരവാഹികൾ, ജില്ലയിലെ പ്രധാന വ്യക്തിത്വങ്ങൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.