പാലക്കാട്: അട്ടപ്പാടിയിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥരായ മുരുകൻ, കാക്കൻ എന്നിവരാണ് മരിച്ചത്. വരഗയാർ പുഴക്കരികിൽ ചെമ്പുവട്ടക്കാടിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
നാല് ദിവസങ്ങൾക്ക് മുമ്പാണ് ഇരുവരെയും കാണാതായത്. മേലെ പൂതയാർ ഊരിലേക്ക് യാത്ര ചെയ്യുന്നതിനിടെ പുഴയിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ദിവസത്തെ അവധിക്ക് ഊരിലേക്ക് പോയതായിരുന്നു മുരുകൻ.
നാല് ദിവസമായിട്ടും മുരുകനെയും കാക്കനെയും കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. അട്ടപ്പാടിയിൽ മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്തതിനാൽ ഇവർ വീട്ടിലേക്ക് വരുന്ന വിവരം വീട്ടുകാരെയും അറിയിക്കാൻ സാധിച്ചിരുന്നില്ല.
ഇരുവരും അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാത്തതിനെ തുടർന്നാണ് വനംവകുപ്പും പൊലീസും അന്വേഷണം നടത്തിയത്. പരിശോധനയിൽ ഒരാളുടെ മൃതദേഹം ചെമ്പവട്ടകാടിൽ നിന്നും അടുത്തയാളുടെ മൃതദേഹം സ്വർണഗദയിൽ നിന്നും കണ്ടെത്തുകയായിരുന്നു.















