സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു കമൽഹാസന്റെ ഇന്ത്യൻ 2. സേനാധിപതിയായി കമൽഹാസൻ തിയേറ്ററുകളിൽ നിറഞ്ഞാടുമെന്ന പ്രേക്ഷകരുടെ പ്രതീക്ഷയാണ് ചിത്രം റിലീസായതോടെ തെറ്റിയത്.
ശങ്കറിന്റെ സംവിധാനത്തിൽ ഒരുക്കിയ ഇന്ത്യൻ 2 തിയേറ്ററുകളിൽ ഇറങ്ങി ഒരാഴ്ച പിന്നിടുമ്പോൾ 72 കോടി രൂപയാണ് ഇന്ത്യയിൽ നിന്നും ആകെ സിനിമ നേടിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 8-ാം ദിനത്തിൽ 1.15 കോടി രൂപ മാത്രമാണ് ഇന്ത്യയിൽ നിന്ന് നേടാൻ കഴിഞ്ഞത്. തമിഴിൽ നിന്ന് ആകെ 48.7 കോടി രൂപയാണ് സിനിമയ്‌ക്ക് ഇതുവരെ സ്വന്തമാക്കാൻ സാധിച്ചത്. ഹിന്ദിയിൽ 5.4 കോടി രൂപയും, തെലുങ്കിൽ 16.3 കോടി രൂപയും സിനിമയക്ക് നേടാൻ കഴിഞ്ഞു.
28 വർഷങ്ങൾക്ക് ശേഷം കമൽഹാസനും ശങ്കറും ഒന്നിച്ച സിനിമയായിരുന്നു ഇന്ത്യൻ 2. എന്നാൽ പ്രതീക്ഷിച്ച വിജയം സിനിമയ്‌ക്ക് ഇല്ലാതെ പോയത് ആരാധകരെ നിരാശപ്പെടുത്തി. സിനിമ റിലീസ് ചെയ്ത് ആദ്യ ദിനത്തിൽ തന്നെ നിരവധി വിമർശനങ്ങളാണ് ഉയർന്നു വന്നത്. പ്രേക്ഷകപ്രീതി പിടിച്ചു പറ്റാൻ സാധിക്കാത്തതിനാൽ തന്നെ സിനിമയുടെ ഭാഗങ്ങളിൽ നിന്നും 12 മിനിറ്റ് വെട്ടി ചുരുക്കിയിരുന്നു.