ന്യൂഡൽഹി: ന്യൂഡൽഹി: തട്ടിപ്പ് സംഘങ്ങൾ ജോലിവാഗ്‌ദാനം ചെയ്ത് കംബോഡിയയിലേക്ക് കടത്തിയ ഇന്ത്യക്കാരിൽ മടങ്ങിയെത്താനുള്ളത് 14 പേരെന്ന് റിപ്പോർട്ട്. ഇവരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയെന്നും എത്രയും പെട്ടന്ന് മടക്കിക്കൊണ്ടുവരുമെന്നും എംബസി അധികൃതർ അറിയിച്ചു.
തട്ടിപ്പിൽ അകപ്പെട്ടവരിൽ കൂടുതലാളുകളും ഉത്തർപ്രദേശ്, ബിഹാർ സ്വദേശികളാണ്. കംബോഡിയയിൽ കുടുങ്ങിയ ഇവർ നിയമവിരുദ്ധമായ സൈബർ തട്ടിപ്പുകൾ നടത്താൻ നിർബന്ധിതരായിരുന്നു. കംബോഡിയ പൊലീസ് രക്ഷപ്പെടുത്തിയ ഇവർ നിലവിൽ ഒരു സന്നദ്ധ സംഘടനാ സ്ഥാപനത്തിലാണ് കഴിയുന്നത്. 5000 ൽ അധികം ഇന്ത്യക്കാരാണ് ഇത്തരത്തിൽ തൊഴിൽ തട്ടിപ്പിനിരയായിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ഇതിൽ 250 ഓളം ഇന്ത്യക്കാരെ രക്ഷപ്പെടുത്തി തിരികെ രാജ്യത്ത് എത്തിക്കാൻ കഴിഞ്ഞതായി കേന്ദ്ര സർക്കാർ അറിയിച്ചു.
നിയമാനുസൃതമായ ജോലിയാണ് ഇവർക്ക് വാഗ്‌ദാനം ചെയ്തിരുന്നതെങ്കിലും നിയമവിരുദ്ധമായ ഓൺലൈൻ ടാസ്ക്കുകളിൽ ഇവർക്ക് പങ്കാളികളാകേണ്ടി വന്നതായി വിദേശകാര്യമന്ത്രാലയം പറഞ്ഞു. കംബോഡിയയിൽ എത്തുമ്പോൾ തന്നെ തട്ടിപ്പ് സംഘം ഇവരുടെ പാസ്പോർട്ടുകൾ കൈവശപ്പെടുത്തുകയും തുടർന്ന് സൈബർ സ്കാമിങ് കാൾ സെന്ററുകളിൽ ജോലി ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു. ഇന്ത്യക്കാരെ കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലും നടക്കുന്നത്.
കഴിഞ്ഞ വർഷം അവസാനം ഒരു മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ തന്റെ 67 ലക്ഷത്തിലധികം രൂപ ഇത്തരത്തിൽ നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി നൽകിയതോടെയാണ് ഈ വൻ തട്ടിപ്പിനെക്കുറിച്ച് പുറംലോകം അറിയുന്നത്. കംബോഡിയയിലേക്ക് ജോലിക്കായി പോകുന്നവർക്കായി ഇന്ത്യൻ എംബസിയും മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. ഇന്ത്യൻ പൗരന്മാരോട് വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകരമുള്ള ഏജൻ്റുമാർ മുഖേന മാത്രം ജോലി ഉറപ്പാക്കണമെന്ന് എംബസി അറിയിച്ചു.















