പന്തിൽ കൃത്രിമം കാട്ടിയാണ് ഇന്ത്യ റിവേഴ്സ് സ്വിംഗ് കണ്ടെത്തി മത്സരങ്ങൾ വിജയിക്കുന്നതെന്നുമുള്ള പാകിസ്താൻ മുൻ താരം ഇൻസമാം ഉൾ ഹഖിന്റെ ആരോപണത്തിന് മുഖമടച്ച മറുപടി നൽകി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ടി20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിൽ അർഷദീപിന് റിവേഴ്സ് സ്വിംഗ് ലഭിച്ചത് പന്തിൽ കൃത്രിമം നടത്തിയിട്ടാണെന്ന് ഇൻസമാം അധിക്ഷേപമുയർത്തിയിരുന്നു. ഇതിനാണ് മുഹമ്മദ് ഷമി കണക്കിന് മറുപടി നൽകിയത്.
“ഏകദിന ലോകകപ്പിൽ ഞാൻ പന്തിൽ ഡിവൈസ് വച്ചെന്ന് അവർ ആരോപണം ഉയർത്തിയിരുന്നു. ഇപ്പോൾ അർഷദീപിനെതിരെയും ഒരു മണ്ടൻ തിയറിയുമായെത്തിരിക്കുകയാണ് എനിക്ക് ഇൻസമാമിനോട് ബഹുമാനമുണ്ട്. എന്നാൽ ഇത്തരം പൊട്ടൻ പ്രസ്താവനകളൊന്നും അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല. അവരാണ് റിവേഴ്സ് സ്വിംഗ് കൊണ്ടുവന്നത്. എന്നാൽ നമ്മളത് ചെയ്യുമ്പോൾ അവർക്കത് സഹിക്കില്ല.
ഇന്ത്യൻ ബൗളർമാരോട് എന്തെങ്കിലും പറയുന്നതിന് മുമ്പ്, അവരുടെ കളിക്കാർ പന്തിൽ കൃത്രിമം കാണിക്കുന്നതിനിടെ പിടിക്കപ്പെട്ട സംഭവങ്ങൾ ഒന്ന് ഓർക്കണം. പാകിസ്താൻ കളിക്കാർ അവരുടെ ആരാധകരെ വിഡ്ഢികളാക്കാൻ ആഗ്രഹിക്കുന്നു, അവരുടെ ടീം മികച്ച പ്രകടനം നടത്താത്തപ്പോൾ ഇത്തരം ആരോപണങ്ങളുമായി രംഗത്തുവരുന്നു’, ”ശുഭങ്കർ മിശ്രയുടെ പോഡ്‌കാസ്റ്റിൽ ഷമി പറഞ്ഞു.
“ഈ വിദ്യ ആദ്യമായി അവതരിപ്പിച്ചത് അവരാണ്, തെറ്റായ വഴികളിലൂടെയാണ് ഇത് നേടിയതെങ്കിൽ, അവരെ ആദ്യം പിടികൂടണം. 2025-ൽ ഞാൻ ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്താൻ സന്ദർശിക്കുകയാണെങ്കിൽ, എന്റെ കൂടെ മൂന്ന് പന്തുകളും കൊണ്ടുപോകും. ഓരോന്നും ജനത്തിന് മുന്നിൽ വച്ച് രണ്ട് കഷണങ്ങളായി മുറിക്കും. റിവേഴ്സ് സ്വിംഗ് എങ്ങനെ നേടാമെന്നുള്ള കാര്യം ഞാൻ അവർക്ക് കാണിച്ചുകൊടുക്കും, ”അദ്ദേഹം കൂട്ടിച്ചേർത്തു.















