മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ കേസ് സ്ഥിരീകരിച്ചു. കേരളത്തിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ പോസിറ്റീവായിട്ടാണ് കാണിക്കുന്നതെന്നും പൂനെയിലേക്ക് അയച്ച സ്രവ സാമ്പിളിന്റെ പരിശോധനാ ഫലം കാത്തിരിക്കുകയാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
മലപ്പുറം ജില്ലയിൽ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന 14-കാരനാണ് കോഴിക്കോട് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവായത്. ഈ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് കൺട്രോൾ സെൽ തുറന്നിട്ടുണ്ട്. മലപ്പുറം PWD റെസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെൽ തുറന്നു. നമ്പർ: 0483-2732010
മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ കുട്ടിക്കാണ് നിപ രോഗലക്ഷണങ്ങളുള്ളത്. കേരളത്തിലെ പരിശോധനയിൽ പോസിറ്റീവായതിനാൽ പ്രോട്ടോകോൾ പ്രകാരം നടപടികൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. മഞ്ചേരിയിൽ 30 മുറികളുള്ള വാർഡ് തയ്യാറായി. ആറ് ബെഡ് അടങ്ങിയ ഐസിയുവും സജ്ജമാണ്.
പാണ്ടിക്കാടാണ് രോഗത്തിന്റെ പ്രഭവകേന്ദ്രം. ജനങ്ങൾ ജാഗ്രത സ്വീകരിക്കണം. പൂനെയിൽ നിന്നുള്ള ഫലം വരാൻ രാത്രിയാകും. പൂനെ ലാബിൽ നിന്ന് ഫലം ലഭിക്കാത്തതിനാൽ നിലവിൽ പാണ്ടിക്കാട് പ്രദേശത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. ഫലം പോസിറ്റീവ് ആയാൽ കണ്ടെയ്ൻമെൻ്റ് സോൺ ഉൾപ്പെടെ ഉണ്ടാകും. ആരോഗ്യവകുപ്പ് സജ്ജമാണെന്നും വീണാ ജോർജ് പറഞ്ഞു.