മലപ്പുറം: ചികിത്സയിലുള്ള 14 കാരന് സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ നിപ സ്ഥിരീകരിച്ചതോടെ പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം കാത്ത് കേരളം. കുട്ടി നിലവിൽ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ്. 14-കാരന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് കുട്ടി. കോഴിക്കോട് വൈറോളജി ലാബിൽ നടത്തിയ ഫലമാണ് പോസിറ്റീവായതെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.
ഒരാഴ്ച മുൻപ് കുട്ടി വയനാട്ടേക്ക് വിനോദയാത്ര പോയിരുന്നു. അവിടെനിന്ന് കഴിച്ച അമ്പഴങ്ങയിൽ നിന്നാണ് വൈറസ് ബാധിച്ചതെന്ന സൂചനയാണ് ആദ്യഘട്ടത്തിൽ പുറത്തുവരുന്നത്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ 15-ാം തീയതി മുതലാണ് കുട്ടിക്ക് രോഗലക്ഷണം തുടങ്ങിയത്. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് മലപ്പുറത്തെ മൂന്ന് ആരോഗ്യകേന്ദ്രങ്ങളിൽ കുട്ടി ചികിത്സ തേടിയിരുന്നു.
ആദ്യം പാണ്ടിക്കാട് ക്ലിനിക്കിലാണ് ചികിത്സ തേടിയത്. പനി കുറയാതിരുന്നതിനെ തുടർന്ന് അടുത്തുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയേയും ശേഷം പെരിന്തൽമണ്ണയിലുള്ള സ്വകാര്യ ആശുപത്രിയേയും സമീപിച്ചു. വെള്ളിയാഴ്ച വൈകിട്ട് കുട്ടി ഇവിടെയായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. രോഗം വഷളായതോടെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് നിപയാണെന്ന സംശയം ബലപ്പെട്ടത്. തുടർന്ന് കോഴിക്കോട് നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവായതോടെ പൂനെയിലെ ലാബിലേക്ക് ഇന്ന് രാവിലെയാണ് സാമ്പിൾ അയച്ചത്.
പൂനെയിലെ ഫലം പോസിറ്റീവായാൽ കുട്ടിയുടെ കുടുംബാംഗങ്ങളെ അടക്കം നിരീക്ഷണത്തിലാക്കും. കുട്ടി ചികിത്സ തേടിയ സ്ഥലത്തെ ഡോക്ടർമാരെ ക്വാറന്റൈനിലേക്ക് മാറ്റുകയും ചെയ്യും. നിലവിൽ സമ്പർക്കപ്പട്ടികയിലെ ഒരാൾക്ക് പനി ലക്ഷണങ്ങളുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കുട്ടിയെ ഇനി മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നാണ് വിവരം.















