മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. കേരളത്തിൽ നടത്തിയ പരിശോധനാ ഫലത്തിൽ പോസിറ്റീവായതിന് പുറമേ, പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിൾ പരിശോധനയിലും രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14-കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കോഴിക്കോട് ആശുപത്രിയിൽ കുട്ടി ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രോട്ടോകോൾ പ്രകാരം നടപടികൾ തുടങ്ങി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന നിർദേശവുമുണ്ട്.
നിപ റിപ്പോർട്ട് ചെയ്ത മൂന്നു കിലോമീറ്റർ ചുറ്റളവിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. ജനങ്ങൾ ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. ഇത് അഞ്ചാം തവണയാണ് കേരളത്തിൽ നിപ സ്ഥിരീകരിക്കുന്നത്.
നിപ ബാധ സ്ഥിരീകരിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ പിതാവ്, മാതാവ്, അമ്മാവൻ എന്നിവർ നിരീക്ഷണത്തിലാണ്. മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. ആരോഗ്യ പ്രവർത്തകരടക്കം മുപ്പത് പേർ വേറെയും നിരീക്ഷണത്തിലുണ്ട്. കുട്ടിയുടെ സുഹൃത്തും പനി ബാധിച്ച് നിരീക്ഷണത്തിലാണ്. 15 പേരുടെ സാമ്പിളുകൾ കൂടി പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.
നിപ കൺട്രോൾ റൂം നമ്പറുകൾ
0483-2732010
0483-2732050
0483-2732060
0483-2732090