മലപ്പുറം: സംസ്ഥാനത്ത് 14-കാരന് നിപ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രോഗിയുടെ റൂട്ട് മാപ്പ് ഉടൻ പുറത്ത് വിടുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട സുഹൃത്തിന് പനിയുണ്ട്. ഈ കുട്ടിയുടെ സാമ്പിളും പൂനെയിലെ പരിശോധനയ്‌ക്ക് അയക്കും. രോഗം സ്ഥിരീകരിച്ച കുട്ടിയുടെ സ്കൂളിലും ട്യൂഷൻ സെൻ്ററിലും ബസിലും ഒപ്പം ഉണ്ടായിരുന്നവരെ ഇതിനോടകം കണ്ടെത്തിയെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ വളരെ കുറച്ച് ആളുകൾ മാത്രമേ പങ്കെടുക്കാവൂ എന്ന് മലപ്പുറം ജില്ലാ കളക്ടർ വി.ആർ വിനോദ് നിർദേശിച്ചു. മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ എന്നിവയ്‌ക്ക് നാളെ അവധിയാണ്. കച്ചവട സ്ഥാപനങ്ങൾ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ മാത്രമേ പ്രവർത്തിക്കാവൂ. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ മാത്രമാണ് നിയന്ത്രണം.
റോഡുകൾ അടച്ചിടില്ല. പ്രദേശത്തെ സിനിമാ തിയേറ്ററുകൾ പ്രവർത്തിപ്പിക്കരുത്. വൈകിട്ട് അഞ്ചുമണിക്ക് ശേഷം ഹോട്ടലുകളും തുറന്നു പ്രവർത്തിക്കാൻ പാടില്ല. കണ്ടെയ്ൻമെന്റ് സോണിൽ മാദ്ധ്യമപ്രവർത്തകരും പ്രവേശിക്കരുതെന്ന് നിർദേശമുണ്ട്. ആവശ്യമായ ദൃശ്യങ്ങളും വാർത്തയും പിആർഡി നൽകുന്നതാണെന്നും അധികൃതർ അറിയിച്ചു.
ചികിത്സയിൽ കഴിയുന്ന 14-കാരന്റെ ആരോഗ്യനില ഗുരുതരമാണ്. സമ്പർക്കപ്പട്ടികയിലെ ഹൈറിസ്ക് വിഭാഗത്തിൽ 60 പേരുണ്ട്. കുട്ടിയുടെ വീട്ടുകാർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.















