ദുബായ്: ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ തീപിടിത്തം. ഇന്നലെ രാത്രിയുണ്ടായ തീപിടിത്തെ തുടർന്ന് ടെർമിനൽ 2 ലെ ചെക്ക് ഇൻ നടപടികൾ അരമണിക്കൂറിലേറെ തടസപ്പെട്ടു. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ സ്ഥത്തെത്തി ഉടൻ തീ അണച്ചെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. അരമണിക്കൂറിനുശേഷം ടെർമിനലിന്റെ പ്രവർത്തനങ്ങൾ പുനസ്ഥാപിച്ചെന്നും വിമാനത്താവള അധികൃതർ ട്വിറ്ററിൽ കുറിച്ചു.
തീപിടിത്തത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം സുഗമമായി നടക്കുന്നുണ്ടെന്നും യാത്രക്കാർക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും അധികൃതർ അറിയിച്ചു. പ്രതിസന്ധി പരിഹരിക്കാൻ എല്ലാ സേവന പങ്കാളികളുമായും യോജിച്ച് പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണെന്നും ദുബായ് വിമാനത്താവള അധികൃതർ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.













