ഇഷ്ടപ്പെട്ട രുചിതേടി സഞ്ചരിക്കാൻ ഒരു മടിയും ഇല്ലാത്തവരാണ് മലയാളികൾ. അതിന് ദേശമോ ഭാഷയോ ഒന്നും പ്രശ്നമല്ല. പായസത്തിനും ബോളിക്കും സദ്യക്കും മാത്രം പേരുകേട്ടതല്ല തിരുവനന്തപുരം, ഇവിടെ നല്ല സർബത്തും കിട്ടും. കുറുവൻകോണവും കഴക്കൂട്ടവും അട്ടക്കുളങ്ങരയും മണക്കാടും അങ്ങനെ എണ്ണിയാൽ ഒതുങ്ങാത്ത ഫേവറിറ്റ് ഫുഡ് സ്പോട്ട്സ് ഉണ്ട് തിരുവനന്തപുരത്തെ ഭക്ഷണപ്രേമികൾക്ക്. അത്തരത്തിൽ ഒരിടമാണ് പാളയത്തെ സർബത്ത് സ്പോട്ട്.
പാളയം ജുമാ മസ്ജിദിന് സമീപത്തെ ഈ സർബത്ത് സ്പോട്ട് സോഷ്യൽ മീഡിയയിലും വൈറലാണ്. രവി ചേട്ടൻ തന്റെ അനാമിക സർബത്ത് സ്റ്റാളിലൂടെ വ്യത്യസ്തമായ സർബത്തിന്റെ രുചിയാണ് ആളുകളിലേക്ക് പകർന്നു നൽകുന്നത്. മുന്തിരി മിൽക്ക്,പൈനാപ്പിൾ മിൽക്ക്, അവൽ മിൽക്ക്, മാതളം മിൽക്ക്, ഓറഞ്ച് മിൽക്ക് മാംഗോ മിൽക്ക് എന്ന് വേണ്ട, ഈന്തപ്പഴം മുതൽ നറുനീണ്ടി സർബത്ത് വരെ രവി ചേട്ടന്റെ ഈ സർബത്ത് കടയിൽ കിട്ടും. എന്നാൽ ജനങ്ങളുടെ മനം കവർന്നത് ഇവിടുത്തെ മിക്സഡ് ഫ്രൂട്ട് സർബത്താണ്.
വിവിധ മാദ്ധ്യമങ്ങളിലെ ജോലിക്ക് ശേഷമാണ് രവി ചേട്ടൻ ഈ സംരംഭത്തിന് തുടക്കമിട്ടത്. ഇപ്പോൾ 10 വർഷത്തിലധികമായി തലസ്ഥാനത്ത് കാരുടെ മാത്രമല്ല എല്ലാവരുടെയും പ്രിയപ്പെട്ട ഇടമായി ഈ സ്പോട്ട് മാറി. സഹായിയായി സഹോദരൻ അമ്പിയും സർബത്ത് കടയിലുണ്ട്. കോളേജ് വിദ്യാർത്ഥികളും പതിവുകാരും സ്ഥിരമെത്തുന്ന ഇവിടെ കഴുത്തറുപ്പൻ വിലയുമില്ല.















